കണ്ണൂർ :- വാർഷിക വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നിലായ കുട്ടികൾക്ക് ഏപ്രിൽ, മേയ് മാസങ്ങളിലായി പ്രത്യേക പരിശീലനം നൽകുന്നതിന് എസ്.സി.ഇ.ആർ.ടി പഠന പിന്തുണ പദ്ധതി തയ്യാറാക്കി. പ്രവർത്തനങ്ങൾ സംബന്ധിച്ച കരട് രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് രേഖ സംബന്ധിച്ചുള്ള അഭിപ്രായങ്ങളുണ്ടെങ്കിൽ 10-ന് മുൻപ് എസ്.സി.ഇ.ആർ.ടി ഡയറക്ടറെ അറിയിക്കുന്നതിനും നിർദേശമുണ്ട്.
ഓരോ ക്ലാസിലെയും വിവിധ വിഷയങ്ങളിൽ നേടേണ്ട പഠന നേട്ടങ്ങൾ ആർജിക്കാതെ തൊട്ടടുത്ത ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നത് തുടർന്നുള്ള പഠനത്തിന് വിലങ്ങുതടിയാകുമെന്ന തിരിച്ചറിവാണ് പുതിയ നിർദേശങ്ങൾക്ക് പിന്നിൽ. കഴിഞ്ഞ വാർഷിക മൂല്യനിർണയത്തിൽ ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ലഭിച്ച സ്റ്റോറിൻ്റെ അടിസ്ഥാനത്തിൽ അവർക്ക് സവിശേഷ പിന്തുണ നൽകുക എന്നതാണ് ഉദ്ദേശം. ഒന്നു മുതൽ എട്ട് വരെ ക്ലാസുകളിൽ ഇ ഗ്രേഡ് നേടിയ കുട്ടികളും ഒൻപതാം ക്ലാസിൽ ഡി, ഇ ഗ്രേഡുകളും നേടിയ കുട്ടികളെയാണ് പ്രത്യേക പരിശീലനത്തിൽ ഉൾപ്പടുത്തുക.