കൊച്ചി :- എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിൽ നിന്നും അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചു. സമ്മർ ഷെഡ്യൂളിൻ്റെ ഭാഗമായാണ് കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നും കൂടുതൽ ആഭ്യന്തര-വിദേശ സർവീസുകൾ നടത്തുന്നത്. സർവീസുകൾ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി ഓരോ മാസവും മൂന്ന് പുതിയ വിമാനങ്ങൾ വീതമാണ് എയർ ഇന്ത്യ എക്സ്പ്രസ് കൂട്ടിച്ചേർക്കുന്നത്. 2023-നെ അപേക്ഷിച്ച് കൊച്ചി വിമാനത്താവളത്തിൽ നിന്നും ആഴ്ചതോറുമുള്ള സർവീസുകളുടെ എണ്ണം 93- ൽ നിന്ന് 104 ആക്കി ഉയർത്തിയിട്ടുണ്ട്. ദമാം, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് അധിക സർവീസുകൾ ആരംഭിച്ചു. കൂടാതെ, ഹൈദരാബാദിലേക്കും കൊൽക്കത്തയിലേക്കും പുതിയ സർവീസുകൾ ആരംഭിച്ചു.
കോഴിക്കോട് വിമാനത്താവളത്തിൽനിന്നും ആഴ്ചതോറുമുള്ള സർവീസുകളുടെ എണ്ണം 77-ൽ നിന്ന് 87 ആക്കി. കണ്ണൂരിൽ നിന്നും 12 അധിക സർവീസുകളാണ് നടത്തുന്നത്. ഷാർജ, അബുദാബി, റാസൽ ഖൈമ, ബെംഗളൂരു എന്നിവയാണ് പുതിയ റൂട്ടുകൾ. തിരുവനന്തപുരത്തുനിന്നുള്ള വിമാന സർവീസുകളുടെ എണ്ണം 35 എന്നത് 63 ആയി ഉയർന്നു. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം കൂട്ടി. കേരളത്തിൽനിന്നും ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസാണ്.