തിരുവനന്തപുരം :- വിഷു അടുത്തിട്ടും സപ്ലൈകോ വിൽപ്പനശാലകളിൽ വേണ്ടത്ര സാധനങ്ങളെത്തിയില്ല. സബ്‌സിഡി ഉത്പന്നങ്ങളുടെ വില കൂട്ടാൻ സർക്കാർ തീരുമാനിച്ചിട്ടും വിതരണക്കാർ മുഖം തിരിഞ്ഞുനിന്നതാണ് പ്രശ്നം. 13 സബ്‌സിഡി ഉത്പന്നങ്ങളിൽ അഞ്ചോ ആറോ എണ്ണത്തിൻ്റെ ലഭ്യതയേ ഉറപ്പാക്കാനായിട്ടുള്ളൂ. ഈയാഴ്ച എല്ലാ ഉത്പന്നങ്ങളും വിൽപ്പനശാലകളിൽ എത്തുമെന്ന് ഭക്ഷ്യവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. പഞ്ചസാര, തുവരപ്പരിപ്പ് എന്നിവ എത്തിയിട്ടില്ല. മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നെത്തേണ്ടതാണ്. വിൽപ്പനക്കാർ ടെൻഡറിൽ വില കൂട്ടിയതിനാൽ വിതരണക്കരാർ നൽകാനായില്ല. തുടർന്ന് റീ-ടെൻഡർ നടന്നു. അതനുസരിച്ചുള്ള സാധനങ്ങൾ ഈയാഴ്ച എത്തുമെന്നാണ് പ്രതീക്ഷ.
പഞ്ചസാര വൈകുമെങ്കിലും തുവരപ്പരിപ്പ് തിങ്കളാഴ്ച എത്തുമെന്നാണ് വിശദീകരണം. സബ്‌സിഡി ഇനത്തിൽ നാലെണ്ണം അരിയാണ്. ചെറുപയർ, ഉഴുന്ന്, വൻ കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവയാണ് മറ്റുള്ളവ. എട്ടു സാധനങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ പലയിടത്തും അഞ്ച് ഉത്പന്നങ്ങളേ കിട്ടാനുള്ളൂ. കുറുവ അരി കിട്ടാനില്ല. ജയയും മട്ടയും ലഭിക്കുന്നുണ്ട്.