തിരുവനന്തപുരം :- സംസ്ഥാനത്ത് പൈനാപ്പിൾ വിലയിൽ റെക്കോഡ് കുതിപ്പ്. ഒരു മാസം കൊണ്ട് പൈനാപ്പിൾ പഴത്തിന് കിലോയ്ക്ക് 24 രൂപയാണ് ഉയർന്നത്. ഇതോടെ എറണാകുളത്ത് ചില്ലറ വിപണിയിൽ ഒരു കിലോ പൈനാപ്പിളിന് വില 80-85 രൂപയിലെത്തി. സ്പെഷ്യൽ പച്ചയ്ക്ക് 20 രൂപയാണ് ഉയർന്നത്. മൊത്തവിപണിയിൽ പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷൻ കണക്ക് പ്രകാരം പൈനാപ്പിൾ പഴത്തിന് 60 രൂപയാണ് നിരക്ക്. പച്ചയ്ക്ക് 55 രൂപയും സ്പെഷ്യൽ പച്ചയ്ക്ക് 57 രൂപയിലുമെത്തി. മർച്ചന്റ് അസോസിയേഷൻ കണക്ക് പ്രകാരം പൈനാപ്പിൾ പഴത്തിന് 54 രൂപ, പച്ച 50 രൂപ, സ്പെഷ്യൽ പച്ച 52 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ചൂടിൽ ഉണക്ക് ബാധിച്ചതാണ് വില ഉയർത്തിയത്. കൂടെ റംസാൻ -വിഷു വിപണിയിൽ ആവശ്യം ഉയർന്നതും വില കൂടാൻ കാരണമായി. പൊതുവേ ഈ സമയങ്ങളിൽ വില ഉയരാറുണ്ടെങ്കിലും 80-85 രൂപയിൽ എത്തുന്നത് ആദ്യമായാണ്. ഉണക്ക് ബാധിച്ചതോടെ ഉത്പാദനം 50 ശതമാനം കുറഞ്ഞതായി കർഷകർ അറിയിച്ചു. സാധാരണ റംസാൻ-വിഷു സീസണിൽ 2,000 ടൺ വരെ പൈനാപ്പിൾ വിറ്റിരുന്നു. എന്നാൽ നിലവിൽ 1,000 ടൺ പോലും ഉത്പാദനമില്ലാത്ത സാഹചര്യമാണ്. കേരളത്തിന് പുറത്തുള്ള ഡൽഹി, മഹാരാഷ്ട്ര, ആന്ധ്ര, അഹമ്മദാബാദ് പോലുള്ള പ്രധാന വിപണികളിലും ആവശ്യം കൂടിയിട്ടുണ്ട്. മാമ്പഴ സീസൺ എത്തിയാൽ വില കുറയുമെന്ന് പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷൻ അറിയിച്ചു. എന്നാൽ, ഇത്തവണ മാമ്പഴ സീസൺ ശക്തമാകാത്ത സാഹചര്യത്തിൽ വില ഇനിയും ഉയരാനാണ് സാധ്യത. അതേസമയം, പൈനാപ്പിൾ തൈയ്ക്ക് ഒന്നിന് 13 രൂപവരെ വില എത്തിയിട്ടുണ്ട്. പലസ്ഥലങ്ങളിലും സാധനം കിട്ടാത്ത അവസ്ഥയാണ്.