കണ്ണൂർ :- കനത്ത ചൂടിൽ ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തിക്കാൻ ജല അതോറിറ്റി സംസ്ഥാനത്ത് 120-ഓളം ടാങ്കർ വെൻഡിങ് പോയിൻ്റുകൾ സജ്ജീകരിച്ചു. കണ്ണൂർ ഡിവിഷനിൽ ഏഴ് പഞ്ചായത്തുകൾ ടാങ്കറുകളിൽ കുടിവെള്ളവിതരണം തുടങ്ങി. 12 പോയിന്റുകളാണുള്ളത്. പഴശ്ശി ഡാമിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. വരൾച്ച രൂക്ഷമായ കാസർകോട്ടെ കാറഡുക്ക പഞ്ചായത്തിൽ കുടിവെള്ള വിതരണത്തിന് നേരത്തെ ടെൻഡർ വിളിച്ച് ഏജൻസിയെ ഏൽപ്പിച്ചിരുന്നു.
ഏപ്രിൽ ഒന്നുമുതൽ മേയ് 31 വരെ രണ്ടുമാസം കുടിവെള്ളമെത്തിക്കാൻ ഗ്രാമപ്പഞ്ചായത്തുകൾ തനതുഫണ്ടിൽ നിന്നാണ് പണം കണ്ടെത്തുന്നത്. 12 ലക്ഷം രൂപയാണ് ചെലവഴിക്കാൻ അനുവദിച്ചത്. നഗരസഭകൾക്ക് 17 ലക്ഷം രൂപയും കോർപ്പറേഷനുകൾക്ക് 22 ലക്ഷം രൂപയുമാണ് പരിധി. എന്നാൽ ട്രഷറികളിൽ നിന്ന് സ്വന്തം ഫണ്ടു പോലും മാറാൻ കഴിയാത്ത അവസ്ഥയാണെന്ന് ഉദ്യാഗസ്ഥർ പറയുന്നു. ടെൻഡർ വിളിച്ചാണ് ഏജൻസിക്ക് കുടിവെള്ള വിതരണം ഏൽപ്പിക്കുന്നത്. ടാങ്കറിൽ കുടിവെള്ളം ലഭിക്കാൻ 76.15 രൂപ ജല അതോറിറ്റിക്ക് നൽകണം. 1000 ലിറ്ററിനാണിത്. നിശ്ചിത റൂട്ട്, ജി.പി.എസ് ഘടിപ്പിച്ച വാഹനം, കൃത്യമായ അളവിലുള്ള വെള്ളം എന്നീ പരിശോധനകൾ കർശനമാക്കിയില്ലെങ്കിൽ കുടിവെള്ളം പാഴായിപ്പോകും.
ജലക്ഷാമം അതിരൂക്ഷമാകുന്നതിനിടയിൽ കുടിവെള്ളം മോഷ്ടിക്കുന്നത് ഭീഷണിയാണ്. സർക്കാരിൻ്റെ വരുമാന നഷ്ടത്തിനു പുറമെ ഉപഭോക്താക്കൾക്ക് കിട്ടേണ്ട അളവാണ് വേനലിൽ ചോരുന്നത്. ഗാർഹിക മീറ്ററിനു മുൻപ് ലൈൻ സ്ഥാപിച്ച് വെള്ളമൂറ്റുക, പൊതുടാപ്പുകളിൽനിന്ന് ഹോസുപയോഗിച്ച് വെള്ളമെടുക്കുക, അവ കൃഷിയിടങ്ങളിലേക്കും തോട്ടങ്ങളിലേക്കുമെത്തിക്കുക, പണമടയ്ക്കാതെ കണക്ഷനുകൾ വിച്ഛേദിച്ചവയിൽനിന്ന് അധികൃതർ അറിയാതെ വെള്ളം ചോർത്തുക തുടങ്ങിയവ നടക്കുന്നു.
കുടിവെള്ള മോഷ്ടാക്കളെ കണ്ടെത്താൻ ജല അതോറിറ്റി നേരത്തേതന്നെ 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 1916 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചറിയിക്കാം. വേനലിൽ കുടിവെള്ളം ചോരാതിരിക്കാൻ കേരളത്തിൽ ജല അതോറിറ്റി 25,256 പൊതു ടാപ്പുകൾ അടപ്പിച്ചിരുന്നു.