തപാൽ വഴി 'വിഷുക്കൈനീട്ടം' അയക്കാം


കണ്ണൂർ :- ഈ വർഷവും പ്രിയപ്പെട്ടവർക്ക് 'വിഷുക്കൈനീട്ടം' തപാൽ വഴി അയക്കാൻ അവസരമൊരുക്കി തപാൽവകുപ്പ്. ഈ മാസം ഒൻപതു വരെ കൈനീട്ടം ബുക്ക് ചെയ്യാം. വിഷുപ്പുലരിയിൽ കൈനീട്ടം കിട്ടും. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും വിഷുക്കൈനീട്ടം ബുക്ക് ചെയ്ത് അയക്കാം. എന്നാൽ കേരളത്തിലേക്ക് മാത്രമേ അയക്കാനാകൂ. കുറഞ്ഞത് 101 രൂപയാണ് കൈനീട്ടം. ഇതിന് 19 രൂപ തപാൽ ഫീസായി ഈടാക്കും. 120 രൂപയ്ക്ക് കൈനീട്ട സന്തോഷം പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാം. 201 രൂപ, 501 രൂപ, 1001 രൂപ എന്നിങ്ങനെയും കൈനീട്ടം അയക്കാം. ഇതിന് യഥാക്രമം 29, 39, 49 രൂപ തപാൽ ഫീസാകും. ഇന്റർനെറ്റ് സൗകര്യമുള്ള എല്ലാ പോസ്റ്റ് ഓഫീസുകളിൽ നിന്നും വിഷുക്കൈനീട്ടം അയക്കാം. പോസ്റ്റ് ഓഫീസുകളിൽ  ഇതിനായി പ്രത്യേക അപേക്ഷാഫോം ലഭിക്കും.

2022-ൽ ആരംഭിച്ച 'കൈനീട്ടം' സംരംഭത്തിന്  കഴിഞ്ഞ രണ്ട് വിഷുക്കാലത്തും നല്ല പ്രതികരണമായിരുന്നു. 2022-ൽ കേരള സർക്കിളിൽ മാത്രം 13,000 ബുക്കിങ്ങാണ് ലഭിച്ചത്. 2023 വിഷുക്കാലത്ത് ഇത് - 20,000-ലേക്ക് കുതിച്ചുയർന്നു. ബുക്കിങ് സമയം തീരാൻ അഞ്ചുദിവസം മാത്രം ശേഷിക്കെ കേരള സർക്കിളിൽ ഇത്തവണ 25,000-ലധികം ബുക്കിങ് പ്രതീക്ഷിക്കുന്നുണ്ടെന്ന് കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് സി.കെ മോഹനൻ പറഞ്ഞു.

Previous Post Next Post