അച്ചടിക്കാൻ കാർഡുകൾ ലഭ്യമല്ല ; ആർസി, ലൈസൻസ് അച്ചടി വീണ്ടും മുടങ്ങി


തിരുവനന്തപുരം :- അച്ചടിക്കാൻ കാർഡ് ലഭ്യമല്ലാത്തതിനാൽ ആർസി, ലൈസൻസ് അച്ചടി വീണ്ടും മുടങ്ങി. കഴിഞ്ഞ ഡിസംബർ 10 വരെ അപേക്ഷിച്ചവരുടെ ആർസിയും ഡിസംബർ 14 വരെ അപേക്ഷിച്ചവരുടെ ഡ്രൈവിങ് ലൈസൻസുമാണ് ഇതുവരെ അച്ചടിച്ച് വിതരണത്തിന് അയയ്ക്കാനായത്. ബാക്കി ഇതുവരെയുള്ള 10 ലക്ഷത്തോളം അപേക്ഷകരുടെ കാർഡ് പ്രിന്റിങ്ങാണ് വീണ്ടും മുടങ്ങിയത്. അച്ചടി നടത്തിയിരുന്ന കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ ഐടിഐക്ക് പണം നൽകാനുള്ളതുകൊണ്ട് കഴിഞ്ഞ നവംബറിൽ അച്ചടി നിർത്തിവച്ചിരുന്നു. കഴിഞ്ഞമാസം സർക്കാർ 8.68 കോടി രൂപ നൽകിയതുകൊണ്ടാണ് അച്ചടി പുനരാരംഭിച്ചത്.

ആർസിയും ലൈസൻസും കിട്ടാത്തതുകൊണ്ട് അപേക്ഷകരെല്ലാം പ്രതിസന്ധിയിലാണ്. ആർസിയുടെ ഒറിജിനൽ തന്നെ നൽകിയില്ലെങ്കിൽ മറ്റു സംസ്‌ഥാനങ്ങളിലേക്കു പോകുന്നതിന് പെർമിറ്റ് കിട്ടാതെ വരുന്നതോടെ ബസ്, ലോറി തുടങ്ങിയ വാഹനങ്ങളുടെ ഉടമകളാണ് കൂടുതൽ പ്രതിസന്ധിയിൽ. ആർസി ഇല്ലെങ്കിൽ വാഹന ഉടമകൾക്ക് വായ്‌പയും ലഭിക്കില്ല. അപകടമുണ്ടായാൽ പൊലീസ് സ്‌റ്റേഷനിനും കോടതിയിലുമൊക്കെ ഹാജരാക്കേണ്ടതും ഒറിജിനൽ ആർസിയാണ്. ഡിജിലോക്കറിൽ ഡൗൺലോഡ് ചെയ്തു‌ സൂക്ഷിക്കാമെന്ന് സർക്കാർ പറയുമെങ്കിലും ഡിജിലോക്കർ സൗകര്യമുള്ളവരുടെ എണ്ണം കുറവാണ്. ചില ഇൻഷുറൻസ് കമ്പനികൾ ഒറിജിനൽ ആർസി തന്നെ ആവശ്യപ്പെടുന്നതിനാൽ ഇൻഷുറൻസ് എടുക്കുന്നതിനും തടസ്സമാണ്.

Previous Post Next Post