കണ്ണൂർ :- ഗ്യാസ് സിലിണ്ടറുകളും സ്‌റ്റൗവുമായി ട്രെയിനിൽ യാത്ര ചെയ്തതിന് കർണാടക സ്വദേശികൾക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്. വൈകിട്ട് 5.05 നു കണ്ണൂരിൽനിന്നു പുറപ്പെടുന്ന ബെംഗളൂരു എക്സ്പ്രസിൽ (16512) ഘടിപ്പിച്ചിരുന്ന പ്രത്യേക സലൂണിൽ യാത്ര ചെയ്തവർക്കെതിരെയാണ് കേസ്. മുൻകാലങ്ങളിൽ ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ യാത്രകൾക്ക് ഉപയോഗിച്ചിരുന്ന ആഡംബര കോച്ചാണിത്. 2018 മുതലാണ് ഇത്തരം സലൂണുകൾ പൊതുജനങ്ങൾക്കും അനുവദിച്ചത്. മുഴുവൻ ബെർത്തുകളുടെയും തുകയും അടച്ചാണ് (ഫുൾ താരിഫ് റേറ്റ് - എഫ്ടിആർ) ഇവ ബുക്ക് ചെയ്യേണ്ടത്. 50,000 രൂപ ഡിപ്പോസിറ്റ് ഉൾപ്പെടെ മറ്റു ചെലവുകളും അടയ്ക്കണം.
സൗത്ത് വെസ്‌റ്റേൺ റെയിൽവേയുടെ ഉടമസ്‌ഥതയിലുള്ളതാണു കണ്ണൂരിലെത്തിയ സലൂൺ. തിങ്കളാഴ്‌ച രാത്രി ബെംഗളൂരുവിൽനിന്നു പുറപ്പെട്ട യാത്രാസംഘം ചൊവ്വാഴ്‌ച രാവിലെയാണ് കണ്ണൂരിൽ എത്തിയത്. ഇന്നലെ വൈകിട്ട് വരെ റെയിൽവേ യാഡിൽ പാർക്ക് ചെയ്തിരുന്ന സലൂൺ, മടക്കയാത്രയ്ക്കായി ബെംഗളൂരു എക്സ്പ്രസിൽ ഘടിപ്പിച്ചപ്പോഴാണ് ആർപിഎഫിന്റെയും റെയിൽവേ ഉദ്യോഗസ്‌ഥരുടയും നേതൃത്വത്തിൽ പരിശോധന നടത്തിയത്. 2 ഗ്യാസ് സിലിണ്ടറുകളും ഒരു സ്‌റ്റൗവുമാണ് സലൂണിൽനിന്നു പിടിച്ചെടുത്തത്. ഇത് കോടതിയിൽ ഹാജരാക്കുമെന്നും അഗ്നിബാധയ്ക്കു സാധ്യതയുള്ള സാധനങ്ങളുമായി ട്രെയിനിൽ കയറിയതിന് യാത്രക്കാർക്കെതിരെ റെയിൽവേ ആക്ടിലെ 164-ാം വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുമെന്നും ആർപിഎഫ് പറഞ്ഞു.