കണ്ണൂർ :- കണ്ണൂർ ജില്ലയിൽ കഴിഞ്ഞ 3 മാസത്തിനിടെയുണ്ടായത് ചെറുതും വലുതുമായ 458 തീപിടിത്തങ്ങൾ. ഇതിൽ കൂടുതലും ഗ്രൗണ്ട് ഫയറുകളാണ്. വേനൽ കടുത്തതോടെ പുൽമേടുകൾക്കും അടിക്കാടുകൾക്കും ചപ്പുചവറുകൾക്കും മാലിന്യക്കൂമ്പാരങ്ങൾക്കും മറ്റും തീ പിടിക്കുന്ന "ഗ്രൗണ്ട് ഫയറുകൾ' പതിവായി. ഇതോടെ അഗ്നിരക്ഷാ സേനയ്ക്കും വിശ്രമമില്ലാത്ത നാളുകളാണ്. "ഗ്രൗണ്ട് ഫയർ' നിയന്ത്രിക്കുക എളുപ്പമല്ല. പ്രകൃതിക്കും വന്യജീവി സമ്പത്തിനുമെല്ലാം ഭീഷണിയാണ് ഇത്തരം തീപിടിത്തങ്ങൾ. മനുഷ്യനിർമിതമാണ് ഇത്തരം തീപിടിത്തങ്ങളിലേറെയും എന്നു രക്ഷാപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അലക്ഷ്യമായി വലിച്ചെറിയുന്നൊരു ബീഡിക്കുറ്റിയിൽ നിന്നുപോലും വൻ അഗ്നിബാധയ്ക്കു വഴിയൊരുങ്ങാം.
തീപിടിക്കുന്ന വസ്‌തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്യരുതെന്ന് അഗ്നിരക്ഷാ സേനാ വിഭാഗം പറയുന്നു. മലയോരത്തു കാട്ടുതീ ഭീഷണിയുമുണ്ട്. വാഹനങ്ങൾക്കു കടന്നു ചെല്ലാനാകാത്ത ദുർഘടമായ സ്ഥലങ്ങളിൽ തീപടരുമ്പോൾ അവിടെ എത്തിച്ചേരുന്നതും ആവശ്യത്തിനു വെള്ളം എത്തിക്കുന്നതും അഗ്നിരക്ഷാസേനയ്ക്കു മുന്നിലെ വെല്ലുവിളികളാണ്. ഫയർ സ്‌റ്റേഷനുകളിൽ മതിയായ ജീവനക്കാർ ഇല്ലാത്തതും തിരിച്ചടിയാകുന്നുണ്ട്.
ഈ വർഷം ഇതുവരെ ജില്ലയിലുണ്ടായ തീപിടിത്തങ്ങൾ 458. ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെയുണ്ടായ തീപിടിത്തങ്ങൾ - കണ്ണൂർ -96, തളിപ്പറമ്പ് -92, പെരിങ്ങോം -52, പയ്യന്നൂർ- 49, തലശ്ശേരി -47, ഇരിട്ടി 42, മട്ടന്നൂർ -31, കൂത്തുപറമ്പ് -31, പേരാവൂർ -15, പാനൂർ -13.