കണ്ണൂർ :- ഭർത്താവില്ലാതെ ദുരിതജീവിതം നയിക്കുന്ന അമ്മയുടെയും മകളുടെയും എ.പി.എൽ റേഷൻകാർഡ് മൂന്നുമാസത്തിനുള്ളിൽ ബി.പി.എല്ലിലേക്ക് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ജില്ലാ സപ്ലൈ ഓഫീസർ നടപടി സ്വീകരിച്ച് മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു. ചിറക്കൽ ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസിക്കുന്ന മീനാക്ഷിയുടെയും മകൾ ശ്രീലതയുടെയും കാർഡ് മാറ്റാനാണ് നിർദേശം.
കണ്ണൂർ നോർത്ത് പ്രസ് ഫോറം പ്രസിഡന്റ് പി.സജീവനാണ് പരാതിക്കാരൻ. നിർധന കുടുംബത്തിന് മുൻഗണനാ കാർഡിന് അർഹതയുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസർ കമ്മിഷനെ അറിയിച്ചു. പൊതുവിതരണ കമ്മിഷണറുടെ അനുമതിയോടെ മാത്രമേ താലൂക്ക് സപ്ലൈ ഓഫീസിൽനിന്ന് കാർഡ് മാറ്റാൻ കഴിയുകയുള്ളൂ. കുടുംബത്തിൻ്റെ ദയനീയാവസ്ഥ പരിഗണിച്ച് കാർഡ് മാറ്റിനൽകാൻ അനുമതി നൽകണമെന്ന് കാണിച്ച് കമ്മിഷണർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ കാർഡ് മാറ്റി നൽകാമെന്നും റിപ്പോർട്ടിൽ പറയുന്നു.