തീവണ്ടികളിൽ എലികൾക്ക് പിന്നാലെ പാമ്പുകളും


കണ്ണൂർ :- തീവണ്ടികളിൽ എലികൾക്ക് പിന്നാലെ പാമ്പുകളും എത്തുന്നു. കോച്ചുകളിലെ ആഹാരാവശിഷ്ടങ്ങളന്വേഷിച്ചാണ് എലികളുടെ വരവ്. എലികളെ പിടിക്കാൻ പാമ്പുകളുമെത്തുന്നു. തിങ്കളാഴ്ച ഗുരുവായൂർ - മധുര എക്സ്പ്രസിൽ യാത്രക്കാരന് പാമ്പ് കടിയേറ്റപ്പോൾ വില്ലൻ എലികളാണെന്ന സൂചനയാണ് നൽകുന്നത്. യാത്രക്കാരനെ ആദ്യം എലി കടിച്ചതാണെന്നായിരുന്നു നിഗമനം. ആസ്പത്രിയിൽ പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിച്ചു.

പലതവണ തീവണ്ടികൾക്കുള്ളിൽ പാമ്പ് എത്തിയിരുന്നു. പലതിനെയും യാർഡിൽവച്ച് ജീവനക്കാർ തുരത്തിയിരുന്നു. തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്‌പ്രസ് തിരൂരിലെത്തിയപ്പോൾ സ്ലീപ്പർ കോച്ചിൽ പാമ്പിനെ കണ്ടത് യാത്രക്കാരെ ആശങ്കയിലാക്കിയിരുന്നു. വണ്ടി നിർത്തിയിടുന്ന റെയിൽവേ യാർഡുകളാണ് എലി വരാനുള്ള പ്രധാന സ്രോതസ്സ്. മെക്കാനിക്കൽ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ യാർഡ് വാഗൺ കൺട്രോൾ പ്രവർത്തിക്കുന്നുണ്ട്. യാർഡിലെ എലിയുടെ മാളങ്ങൾ കണ്ടെത്തി അതിനുള്ളിൽ അലൂമിനിയം ഫോസ്ഫേറ്റ് ടാബ്‌ലറ്റുകൾ വെക്കുകയാണ് ചെയ്യുക. എലിയെ ഉവവിടത്തിൽത്തന്നെ നശിപ്പിക്കാനുള്ള മാർഗമാണിത്.

ഭക്ഷണവസ്തുക്കൾ തീവണ്ടിയിൽനിന്ന് വലിച്ചെറിയുന്നത് എലി വരാൻ കാരണമാണ്. ദീർഘദൂരവണ്ടികളിൽ കരാറടിസ്ഥാനത്തിലുള്ള ക്ലീനിങ് ജോലിക്കാർ ശുചീകരണം കൃത്യമായി നടത്താത്തതും തിരിച്ചടിയാണ്. എലിക്കെണിയും ഒട്ടിപ്പിടിക്കുന്ന 'ഗ്ലൂപാഡും' മറികടന്നാണ് കോച്ചുകളിൽ എലികളുടെ വിളയാട്ടം. രാത്രിയാത്രയിൽ ഉറങ്ങിയെണീറ്റാൽ എലി ബാഗും വസ്തുക്കളും മുറിക്കും. ഒന്നും കിട്ടിയില്ലെങ്കിൽ ഉറങ്ങുന്നവരുടെ കൈയും കാലും കടിക്കും. പരാതികളേറുന്ന വണ്ടികളിൽ എലിപ്പെട്ടിയും ഗ്ലൂപാഡും വെക്കുന്നുണ്ട്. എന്നാൽ എലി കെണിയിൽ വീഴാറില്ല.

Previous Post Next Post