കണ്ണൂർ വിമാനത്താവളത്തിൽ സൗജന്യ പാർക്കിംഗ്‌ നിർത്തലാക്കിയത്‌ പ്രതിഷേധാർഹം - ഖത്തർ കെ എം സി സി


ദോഹ :- കണ്ണൂർ രാജാന്ത്യര വിമാനത്താവളത്തിലെ ചുരുങ്ങിയ സമയത്തേക്കുള്ള സൗജന്യ വാഹന പാർക്കിംഗ്‌ നിർത്തലാക്കിയ അധികൃതരുടെ നടപടിയിൽ ഖത്തർ കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

വേണ്ടത്ര വിമാന സർവ്വീസുകൾ ഇല്ലാത്തതിനാൽ യാത്രക്കാർ ഉപേക്ഷിച്ച്‌ കൊണ്ടിരിക്കുന്ന കണ്ണുർ വിമാനത്താവളത്തെ കൂടുതൽ നഷ്ടത്തിലാക്കാനേ ഈ തീരുമാനം കൊണ്ട്‌ ഉപകരിക്കുകയുള്ളൂയെന്ന് പ്രസിഡണ്ട്‌ ഹനീഫ ഏഴാംമൈലും ജനറൽ സെക്രട്ടറി സയ്യിദ്‌ ഷഹബാസ്‌ തങ്ങളും ട്രഷറർ ഹാശിം നീർവ്വേലിയും പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

ഇരു-മുച്ചക്ര വാഹനങ്ങൾക്ക്‌ പോലും പെട്ടെന്ന് കയറിയിറങ്ങാൻ പോലും അവസരമില്ലായെന്നത്‌ വിചിത്രമാണ്‌. സാധാരണക്കാരായ പ്രവാസികളെയും കുടുംബക്കാരെയും പ്രയാസത്തിലാക്കുന്ന തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച്‌ ബന്ധപ്പെട്ട അധികാരികളെ സമീപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

Previous Post Next Post