ലോക്സഭ തെരഞ്ഞെടുപ്പ് ; പോളിങ് ബൂത്തുകളില്‍ ആള്‍മാറാട്ടം തടയാന്‍ കര്‍ശന നടപടി - ജില്ലാ കലക്ടര്‍


കണ്ണൂർ :- ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് പോളിങ് ബൂത്തുകളില്‍ ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ അരുണ്‍ കെ വിജയന്‍ അറിയിച്ചു. അന്ധത മൂലം ബാലറ്റ് യൂനിറ്റില്‍ പതിപ്പിച്ച ചിഹ്നങ്ങള്‍ കാണാന്‍ സാധിക്കാതിരിക്കുകയോ ശാരീരിക അവശത മൂലം ബാലറ്റ് യൂനിറ്റില്‍ വിരല്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ സാധിക്കാതിരിക്കുകയോ ചെയ്യുന്ന വോട്ടര്‍ക്ക് സഹായിയുടെ സേവനം അനുവദിക്കും. വോട്ടറുടെ ഇടത് ചൂണ്ടുവിരലിലും സഹായിയുടെ വലതു ചൂണ്ടുവിരലിലുമാണ് മഷി പുരട്ടുക. 1961-ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടം 40 പ്രകാരം (AVSC / AVPD വീട്ട് വോട്ടിങ്ങില്‍ ) പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെടുന്ന പക്ഷം, വോട്ടര്‍ ആഗ്രഹിക്കുകയാണെങ്കില്‍ 18 വയസ്സ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും സഹായിവോട്ടറായി പ്രവര്‍ത്തിക്കാം. എന്നാല്‍, ഒരേ ദിവസം ഒന്നില്‍ കൂടുതല്‍ വോട്ടര്‍മാരുടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതല്ല. മാത്രമല്ല, ആ വോട്ടറെ പ്രതിനിധീകരിച്ച് താന്‍ രേഖപ്പെടുത്തിയ വോട്ട് രഹസ്യമായി സൂക്ഷിക്കുമെന്നും പ്രഖ്യാപിക്കേണ്ടതുണ്ട്. പ്രിസൈഡിംഗ് ഓഫീസര്‍ ഇത്തരത്തിലുള്ള എല്ലാ വോട്ടുകളുടെയും വിവരങ്ങള്‍ ഫോം 14-എ യില്‍ സൂക്ഷിക്കേണ്ടതാണ്.നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

ഇ വി എം വോട്ടെടുപ്പിന്റെ കാര്യത്തില്‍ ചട്ടം 49 N പ്രകാരമാണ് സഹായി വോട്ടര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കുക.വോട്ടിംഗിന്റെ രഹസ്യ സ്വഭാവം പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 128 പ്രകാരം ഒരു തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനോ എണ്ണുന്നതിനോ ബന്ധപ്പെട്ട ഏതെങ്കിലും ചുമതല നിര്‍വഹിക്കുന്ന ഓരോ ഉദ്യോഗസ്ഥനും ഏജന്റും അല്ലെങ്കില്‍ മറ്റ് വ്യക്തികളും വോട്ടിംഗിന്റെ രഹസ്യം പരിപാലിക്കുകയും പരിപാലിക്കാന്‍ സഹായിക്കുകയും ചെയ്യണം. അത്തരം രഹസ്യസ്വഭാവം ലംഘിക്കുന്നതായ സാഹചര്യത്തില്‍ ആ വ്യക്തിക്ക് മൂന്ന് മാസം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്.


Previous Post Next Post