ലോക്സഭാ തെരഞ്ഞെടുപ്പ് ; പോളിങ് നാളെ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെ


കണ്ണൂർ :- ലോക്സഭ തിരഞ്ഞെടുപ്പിന്റെ പോളിങ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് തന്നെ ആരംഭിക്കും. രാവിലെ 5.30 ന് മോക്ക് പോള്‍ ആരംഭിക്കും . തിരഞ്ഞെടുപ്പ് ദിവസം വെള്ളിയാഴ്ച രാവിലെ 5.30 ന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മോക് പോള്‍ ആരംഭിക്കും. സ്ഥാനാര്‍ഥികളുടെ ഏജന്റ്മാരോ പ്രതിനിധികളോ ഇല്ലായെങ്കില്‍ 15 മിനിറ്റ് അവര്‍ക്ക് വേണ്ടി കാത്തിരിക്കുകയും നിശ്ചിത സമയത്തിനുള്ളില്‍ അവര്‍ എത്തിയില്ലെങ്കില്‍ അവരുടെ അസാന്നിധ്യത്തില്‍ മോക് പോള്‍ ആരംഭിക്കുകയും ചെയ്യും. എല്ലാ സ്ഥാനാര്‍ഥികളുടെയും ഏജന്റ്മാര്‍ക്കും അവരവരുടെ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തു നോക്കാന്‍ അവസരം ലഭിക്കും. എല്ലാ സ്ഥാനാര്‍ഥികളുടെയും വോട്ട് കൃത്യമായി രേഖപ്പെടുത്തുന്നു എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ആദ്യം ചെയ്ത വോട്ടുകള്‍ മെഷീനില്‍ നിന്നും മായ്ച്ചുകളഞ്ഞ് എല്ലാ സ്ഥാനാർഥികൾക്കും പൂജ്യം വോട്ട് ഉറപ്പുവരുത്തും. മോക്പോള്‍ സര്‍ട്ടിഫിക്കറ്റ് സ്ഥാനാര്‍ഥികളുടെ ഏജന്റ് മാരില്‍ നിന്നും പ്രിസൈഡിങ് ഓഫീസര്‍ ഒപ്പിട്ട് വാങ്ങും. തുടര്‍ന്ന് കൃത്യം ഏഴുമണിക്ക് തന്നെ പോളിംഗ് ആരംഭിക്കും. വൈകിട്ട് ആറുമണിക്ക് പോളിംഗ് അവസാനിക്കും. അവസാനിക്കുന്ന സമയത്ത് നിരയില്‍ ആളുകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ടോക്കണ്‍ നല്‍കും. ടോക്കണ്‍ ലഭിച്ച എല്ലാവരും വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷം വോട്ടിംഗ് അവസാനിച്ചുവെന്ന് പ്രിസൈഡിങ് ഓഫീസര്‍ പ്രഖ്യാപിക്കും. ശേഷം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ഥികളുടെയും സാന്നിധ്യത്തില്‍ ഇവിഎമ്മില്‍ ക്ലോസ് ബട്ടണ്‍ അമര്‍ത്തും.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും വിതരണം വ്യാഴാഴ്ച നടന്നു. 11 നിയമസഭാ മണ്ഡലങ്ങളിലെയും വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ് ഇവ പോളിങ്ങ് സംഘങ്ങള്‍ക്ക് കൈമാറിയത്. വെള്ളിയാഴ്ച വോട്ടെടുപ്പ് പൂര്‍ത്തിയായതിനു ശേഷം ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളും വിവിപാറ്റ് വോട്ടിങ്ങ് യന്ത്രങ്ങളും ഈ കേന്ദ്രങ്ങളില്‍ തന്നെ സ്വീകരിക്കും. അവിടെ നിന്ന് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രമായ ചാല ചിന്മയ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയിലേക്ക് മാറ്റും. വടകര ലോക്‌സഭാ മണ്ഡലത്തിലെ തലശ്ശേരി,കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളും വിവിപാറ്റ് വോട്ടിങ്ങ് യന്ത്രങ്ങളും ജെ ഡി ടി ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് മാറ്റും. കാസർകോട് ലോക് സഭാ മണ്ഡലത്തിലെ പയ്യന്നൂര്‍, കല്യാശേരി നിയമസഭാ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളും വിവിപാറ്റ് വോട്ടിങ്ങ് യന്ത്രങ്ങളും പെരിയ കേന്ദ്ര സർവകലാശാലയിലേക്ക് മാറ്റും. ജൂണ്‍ 4 നാണ് വോട്ടെണ്ണല്‍.

ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലായി ആകെ 2116876 പേരാണ് വോട്ടര്‍മാരായുള്ളത്. ഇതില്‍ 1114246 പേര്‍ സ്ത്രീകളും 1002622 പേര്‍ പുരുഷന്മാരും എട്ട് പേര്‍ ട്രാന്‍സ്‌ജെന്റേഴ്‌സുമാണ്. 18നും 19നും ഇടയില്‍ പ്രായമുള്ള 55166 പേരും 20നും 29നും ഇടയിലുള്ള 348884 പേരും 30നും 39നും ഇടയില്‍ പ്രായമുള്ള 392017 പേരും 40നും 49നും ഇടയിലുള്ള 447721 പേരും 50 വയസ്സിന് മുകളിലുള്ള 873088 വോട്ടര്‍മാരുമാണ് ജില്ലയില്‍ ആകെയുള്ളത്.

ജില്ലയില്‍ 1866 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പയ്യന്നൂര്‍ മണ്ഡലം -181, തളിപ്പറമ്പ് -196, ധര്‍മടം -165, മട്ടന്നൂര്‍ -172, കല്യാശ്ശേരി -170, ഇരിക്കൂര്‍ -184, അഴീക്കോട് -154, കണ്ണൂര്‍ -149, പേരാവൂര്‍ -158, തലശ്ശേരി -165, കൂത്തുപറമ്പ് -172 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം.

പോളിങ്ങ് ഡ്യൂട്ടിക്കായി റിസര്‍വ്വ് ഉള്‍പ്പെടെ 8972 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഒരു പോളിങ്ങ് ബൂത്തില്‍ ഒരുപ്രിസൈഡിങ്ങ് ഓഫീസറും മൂന്ന് പോളിങ്ങ് ഓഫീസര്‍മാരുമാണ് ഉണ്ടാവുക. റിസര്‍വ് ഉള്‍പ്പെടെ ജില്ലയില്‍ 283 മൈക്രോ ഒബ്സര്‍വര്‍മാരാണ് ഉള്ളത്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മാത്രമായി 151 മൈക്രോ ഒബ്സര്‍വര്‍മാരുണ്ട്.

ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലെ 1866 പോളിംഗ് സ്റ്റേഷനുകളിലേക്കായി 2371 ബാലറ്റ് യൂണിറ്റ്, 2358 കണ്‍ട്രോള്‍ യൂണിറ്റ്, 2544 വി വി പാറ്റ് എന്നിവയാണ് വിതരണം ചെയ്തത്. ബൂത്തുകളിലേക്കാവശ്യമായ ബാലറ്റ് യൂണിറ്റിന്റെ എണ്ണത്തിന്റെ 25 ശതമാനവും കണ്‍ട്രോള്‍ യൂണിറ്റിന്റെ എണ്ണത്തിന്റെ 20 ശതമാനവും വിവി പാറ്റ് യന്ത്രങ്ങളുടെ 30 ശതമാനവും അധികം യന്ത്രങ്ങളാണ് ഓരോ മണ്ഡലങ്ങളിലേക്കും നല്‍കിയത്. ഇ വി എം കമ്മീഷനിംഗ് സമയത്ത് റിസര്‍വില്‍ നിന്നും പകരമായി എടുത്ത യന്ത്രങ്ങള്‍ക്ക് ആനുപാതികമായി 142 ബാലറ്റ് യൂണിറ്റ്, 74 കണ്‍ട്രോള്‍ യൂണിറ്റ്, 73 വി വി പാറ്റ് എന്നിവ സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍ ചെയ്ത് വിതരണം നടത്തിയിരുന്നു.




Previous Post Next Post