തിരുവനന്തപുരം :- സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിടെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നത് വൈദ്യുതി, ഇറിഗേഷൻ വകുപ്പുകളെ ആശങ്കയിലാഴ്ത്തുന്നു. കെഎസ്ഇബിയുടെ കീഴിലുള്ള ഇടുക്കി ഡാമിൽ ഇന്നലത്തെ കണക്ക് പ്രകാരം 41.53% ജലം മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ മാസം 47 % വും ഈ മാസം ആദ്യം 44% ജലവും ഉണ്ടായിരുന്നു. 10 ദിവസത്തിനിടെ ഏകദേശം 4% ജലം കുറഞ്ഞു. പമ്പ അണക്കെട്ടിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് നിലവിലെ സംഭരണം. ഇരട്ടയാർ 14%, കല്ലാർ 20%, ബാണാസുര സാഗർ (28.53%) എന്നിങ്ങനെയാണ് നിലവിലെ ജലനിരപ്പ്. കെഎസ്ഇബിയുടെ ആകെ 17 അണക്കെട്ടുകളിൽ 11 എണ്ണത്തിലും പകുതിയിൽ താഴെ മാത്രമാണ് നിലവിലെ സംഭരണം.
ജലസേചന വകുപ്പിനു കീഴിലെ 20 അണക്കെട്ടുകളിൽ പതിനാലിലും പകുതിയിൽ താഴെയാണ് ജല സംഭരണം. പാലക്കാട് ചുള്ളിയാർ (9%), മംഗലം (13%), പോത്തുണ്ടി (18%), വാളയാർ (17%), തൃശൂർ ചിമ്മണി (11%), പീച്ചി (15%) എന്നിവിടങ്ങളിൽ 20 ശതമാനത്തിൽ താഴെ മാത്രമാണ് നിലവിലെ സംഭരണം. സംസ്ഥാനത്ത് നദികളിലെ ജലനിരപ്പ് അപകടകരമായ വിധം താഴുന്നു. മിക്ക നദികളും ഒഴുക്കു നിലച്ച സ്ഥിതിയിലാണ്. നദികളുടെ തീരപ്രദേശത്തു പോലും ജലക്ഷാമം രൂക്ഷമാണ്. ആറുകൾ പലഭാഗത്തും വറ്റി വരണ്ടു.