കണ്ണൂർ:-ലോക്സഭാ തിരഞ്ഞെടുപ്പ് ഭിന്നശേഷി വയോജന സൗഹൃദമാക്കുന്നതിനുവേണ്ടി ആവിശ്യമായ നടപടികൾ സ്വീകരിക്കുവാൻ ഇതുമായി ബന്ധപ്പെട്ട് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു.
കണ്ണൂർ മണ്ഡലത്തിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലും റാമ്പ് സൗകര്യം ഉറപ്പാക്കുമെന്നും നിലവിൽ റാമ്പ് ഇല്ലാത്ത പോളിങ് സ്റ്റേഷനുകളിൽ താത്കാലിക റാമ്പ് സൗകര്യം ഏർപ്പാടാക്കുമെന്നും അസിസ്റ്റൻ്റ് കലക്ടർ അനൂപ് ഗാർഗ് പറഞ്ഞു.ലോക്സഭാ തിരഞ്ഞെടുപ്പ് ഭിന്നശേഷി വയോജന സൗഹൃദമാക്കുന്നതുമായി ബന്ധപ്പെട്ട് യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പോളിങ് സ്റ്റേഷനിലും അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, ശൗചാലയങ്ങൾ, വൈദ്യുതി മുതലായവ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ പോളിങ് സ്റ്റേഷനുകളിലേക്കായി 5247 സന്നദ്ധ സേവന പ്രവർത്തകർ എൻഎസ്എസിൽ നിന്നും എസ് പി സി യിൽ നിന്നും രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി ബിജു പറഞ്ഞു. ഒരു പോളിങ് സ്റ്റേഷനിൽ രണ്ട് സന്നദ്ധ സേവന പ്രവർത്തകരുടെ സേവനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ആറു സന്നദ്ധ സേവന പ്രവർത്തകരെ സെക്ടർ ഓഫീസ് തലത്തിലും വിന്യസിക്കും. 85 കഴിഞ്ഞ മുതിർന്ന പൗരൻമാർക്കും ഭിന്നശേഷികാർക്കും പ്രത്യേക വരി പോളിങ് ബൂത്തുകളിൽ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ജില്ലാ തലത്തിൽ മാപ്പിങ് നടത്തി കണ്ടെത്തിയ 246 വീൽ ചെയറുകൾ സെക്ടർ ഓഫീസർ തലത്തിൽ നൽകും. ബാക്കി വരുന്ന ഓരോ പോളിങ് ലൊക്കേഷനിലും വീൽ ചെയർ സൗകര്യം ഒരുക്കാൻ സെക്ടർ ഓഫീസർമാർക്ക് ജില്ലാ ഇലക്ഷൻ ഓഫീസർ ഓഫീസർ മുഖാന്തിരം നിർദേശം നൽകുമെന്നും നോഡൽ ഓഫീസർ കൂടിയായ ജില്ലാ സാമൂഹ്യ നീതി ഓഫീസർ അറിയിച്ചു.
യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ഭിന്നശേഷി വയോജന ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.