തളിപ്പറമ്പ് :- എൽഡിഎഫ് സ്ഥാനാർഥി എം.വി ജയരാജന് തളിപ്പറമ്പ് മണ്ഡലത്തിൽ സ്വീകരണം നൽകി. വാദ്യമേളങ്ങളുടെ അകമ്പടിയാൽ പുഷ്പഹാരങ്ങളും പൂക്കുടകളുമായി കാത്തുനിൽക്കുന്ന ജനക്കൂട്ടത്തിലേക്കാണ് എം.വി ജയരാജൻ മൂന്നാംഘട്ട പൊതുപര്യടനത്തിന് എത്തിയത്. തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ ലോക്കലുകളിലെ 25 കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച പര്യടനം നടത്തിയത്. സ്ഥാനാർഥിയുടെ ചിത്രം പതിച്ച പ്ലക്കാർഡുകളും വർണബലൂണുകളും മുത്തുക്കുടകളും തെയ്യങ്ങളും മൈലാഞ്ചയണിഞ്ഞ ഒപ്പനക്കാരും പൂക്കളും ഹാരങ്ങളും നൽകി ആവേശത്തോടെയാണ് സ്വീകരണകേന്ദ്രങ്ങളിൽ സ്ഥാനാർഥിയെ സ്വീകരിച്ചത്. സ്വീകരണ കേന്ദ്രങ്ങളിലെത്തിയ കുട്ടികളേയും മുതിർന്നവരേയും കൈപിടിച്ച് സ്നേഹാഭിവാദ്യം നേർന്നാണ് സ്വീകരണ കേന്ദ്രങ്ങളിലെത്തിയത്.
"വോട്ടിങ് ബാലറ്റിൽ ഒന്നാമത്തെ പേരാണ് എന്റേത്, ഓരോരുത്തർക്കും പറഞ്ഞുകൊടുക്കാനും ഓർത്തുവെക്കാനും എളുപ്പമാണ്, ഒന്നാമത്തെ പേരിനും ചിഹ്നത്തിനുംനേരെ വോട്ട് ചെയ്ത് ഒന്നാമനാക്കി വിജയിപ്പിക്കണ"മെന്ന അഭ്യർഥനയോടെയാണ് സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗം തുടങ്ങിയത്. ഈവാക്കുകളെ വോട്ടർമാർ കൈയടികളോടെയാണ് സ്വീകരിച്ചത്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർഥിയെ കാണാനും സൗഹൃദംപതുക്കാനും നൂറുകണക്കിനാളകളാണ് എത്തിയത്.
തളിയിൽ നിന്നും തുടങ്ങിയ പര്യടനം മലപ്പട്ടത്ത് സമാപിച്ചു. എൽഡിഎഫ് നേതാക്കളായ പി.രവീന്ദ്രൻ, സി എം കൃഷ്ണൻ, ടി കെ സുലേഖ, ടി വി നാരായണൻ, ഷിബിൻ കാനായി. കെ ഗണേശൻ, സി പി മുഹാസ്, എൻ വി കുഞ്ഞിരാമൻ, എം വി നികേഷ്‌കുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ മണ്ഡലം കമ്മിറ്റി കൺവീനർ കെ സന്തോഷ്, ചെയർമാൻ കെ വി ഗോപിനാഥ്, പി മുകുന്ദൻ, പി കെ ശ്യാമള, കെ ചന്ദ്രൻ, എൻ അനിൽകുമാർ, പി കെ മുജീബ് റഹ്‌മാൻ, കെ സാജൻ, പി വി അനിൽ, കെ കൃഷ്ണൻ, സി അശോക് കുമാർ തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു. പര്യടനത്തോടൊപ്പം എൽഡിഎഫ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി കലാട്രൂപ്പ് അവതരിപ്പിച്ച നാടകം "മനുഷ്യപ്പറ്റ്', സംഗീത ശിൽപം എന്നിവ അരങ്ങേറി. ബുധനാഴ്ച ഇരിക്കൂർ മണ്ഡലത്തിലാണ് പര്യടനം.