കെ- ഫോൺ ; അഞ്ചുലക്ഷം വീടുകളിലേക്ക് കണക്ഷൻ


തിരുവനന്തപുരം :- അഞ്ചുലക്ഷം വീടുകളിലേക്കു വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങളും സാധന സാമഗ്രികളും എത്തിച്ചതായി കെ ഫോൺ അധികൃതർ. ഇതുവരെ 5388 വീടുകളിൽ നൽകി. ഉപയോഗശേഷം ബാക്കിയുള്ള ഡാർക്ക് ഫൈബറുകൾ 4300 കിലോമീറ്റർ വിവിധ കമ്പനികൾക്കു പാട്ടത്തിനു നൽകിയിട്ടുണ്ട്. ഈ സെപ്റ്റംബറിനകം 10000 കിലോ മീറ്റർ ഡാർക്ക് ഫൈബർ പാട്ടത്തിനു നൽകും. 50 കോടി രൂപയാണു പ്രതീക്ഷിക്കുന്ന വരുമാനം. ഷെഡ്യൂൾ ചെയ്ത മുഴുവൻ സർക്കാർ ഓഫിസുകളിലും കണക്ടിവിറ്റി സ്‌ഥാപിക്കുന്നതോടെ 200 കോടി രൂപ ലഭിക്കുമെന്നാണു പ്രതീക്ഷ. ഇപ്പോൾ 21214 ഓഫിസുകളിൽ കണക്ഷനുണ്ട്. 

വാർഷിക അറ്റകുറ്റപ്പണിക്കു ബെൽ കൺസോർഷ്യത്തിനു നൽകേണ്ട തുക, കിഫ്ബിയിലേക്കുള്ള തിരിച്ചടവ്, മറ്റു ചെലവുകൾ എന്നീയിനത്തിൽ മാസം 15 കോടി രൂപയാണു കെ ഫോൺ കണ്ടെത്തേണ്ടത്. ഈ തുക വാണിജ്യപ്രവർത്തനത്തിലൂടെ കണ്ടെത്താനാകും. പദ്ധതിക്കായി ചെലവിട്ടത് 791.29 കോടി രൂപയാണ്. കിഫ്ബിയിൽ നിന്നു ലഭിക്കേണ്ട 1061.73 കോടിയിൽ 488.4 കോടിയും സംസ്ഥാന സർക്കാരിൽ നിന്നു ലഭിക്കേണ്ട 336 - കോടിയിൽ 217.85 കോടിയുമാണു ചെലവിട്ടത്. കേന്ദ്രസർക്കാരിൽനിന്ന് 85 കോടിയും ലഭിച്ചു. 100 കോടി രൂപയുടെ വാർഷിക വരുമാനമാണ് ഇന്റർനെറ്റ് ലീസ്‌ഡ് ലൈൻ വഴി പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.

Previous Post Next Post