ഡ്രൈവിങ് കുട്ടിക്കളിയല്ല ; അപകടത്തെ കുറിച്ച് മുന്നറിയിപ്പുമായി MVD


തിരുവനന്തപുരം :- വേനൽ അവധിക്കാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ പ്രശ്നത്തിലാക്കിയേക്കാവുന്ന അപകടത്തെ കുറിച്ച് മുന്നറിയിപ്പുമായി കേരള മോട്ടോര്‍ വാഹന വകുപ്പ്. അവധിക്കാലം വിശ്രമത്തിന്റെയും വിനോദത്തിന്റെയും കാലമെങ്കിലും ഡ്രൈവിങ് വിനോദമോ കുട്ടിക്കളിയോ അല്ലെന്ന് എംവിഡി അടിവരയിടുന്നു. കുട്ടികൾ ഡ്രൈവ് ചെയ്താൽ ഉണ്ടാകുന്ന നിയമ നടപടികളെ കുറിച്ചും എംവിഡി ഫേസ്ബുക്കിൽ കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.

കുറിപ്പിങ്ങനെ...

മധ്യവേനൽ അവധി തുടങ്ങി. പുസ്തകക്കെട്ടുകളുടെ ഭാരം ഇറക്കി വച്ച് കുട്ടികൾക്കിനി കുറച്ച് നാൾ വിശ്രമത്തിന്റെയും വിനോദത്തിന്റെറെയും നാളുകൾ. കുട്ടികൾ വാഹനം ഓടിക്കാനും, ഓടിച്ച് പഠിക്കാനും ഏറ്റവും സാധ്യതയുള്ള കാലം.

മാതാപിതാക്കളെ.... ഒന്ന് ശ്രദ്ധിക്കൂ... 

ഡ്രൈവിംഗ് കുട്ടിക്കളിയല്ല. നിങ്ങൾ അറിഞ്ഞോ അറിയാതെയോ കുട്ടികൾ വാഹനം ഓടിക്കുമ്പോൾ, അവനെ ഒരു വലിയ അപകടത്തിലേക്കാണ് തള്ളിവിടുന്നത് എന്നോർക്കുക. ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കുക എന്നത് ഡ്രൈവിംഗിലെ അടിസ്ഥാന തത്വമാണ്. 

മനസും ശരീരവും പക്വതയെത്താത്ത കുട്ടികൾ എങ്ങനെ ഇത് നടപ്പിലാക്കും...?

 ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നതും, ഓടിക്കാൻ അനുവദിക്കുന്നതും കുറ്റകരമാണ്. ലൈസൻസില്ലാതെ വാഹനം ഓടിച്ച ഡ്രൈവർക്കും, വാഹന ഉടമയ്ക്കും 3 വർഷം വീതം തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ

ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ ലഭിക്കുന്ന ശിക്ഷയോടൊപ്പം 

1. രക്ഷിതാവിന് / വാഹന ഉടമയ്ക്ക് 3 വർഷം തടവും, 25000/- രൂപ പിഴയും

2. വാഹനത്തിന്റെ രജിസ്ട്രേഷൻ 1 വർഷത്തേക്ക് ക്യാൻസൽ ചെയ്യും

3. വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ് വരെ ലേണേഴ്സ് ലൈസൻസോ ഡ്രൈവിംഗ് ലൈസൻസോ നേടുന്നതിന് അർഹതയുണ്ടായിരിക്കുന്നതല്ല.


Previous Post Next Post