കൊളച്ചേരി:-പള്ളിപ്പറമ്പ് ആസ്ഥാനമായി കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി പ്രവർത്തിച്ചുവരുന്ന പൂക്കോയ തങ്ങൾ ഹോസ്പിസ് (PTH) പെയിൻ & പാലിയേറ്റീവ് ഹോം കെയർ സെന്ററിൻ്റെ പ്രവർത്തന ഫണ്ട് ശേഖരണാർത്ഥം ഏപ്രിൽ 5 വെള്ളിയാഴ്ച്ച PTH ഡേയായി ആചരിക്കുന്നു. PTH ൻ്റെ കീഴിൽ കൊളച്ചേരി,കുറ്റ്യാട്ടൂർ,മയ്യിൽ,നാറാത്ത് പഞ്ചായത്തുകളിലായി 200ൽ പരം രോഗികളെ ഓരോരുത്തരേയും അവരവരുടെ വീടുകളിൽ ചെന്ന് ആവശ്യമായ പരിചരണവും മെഡിക്കൽ സപ്പോർട്ടും നൽകി വരുന്നു.
അത്യാവശ്യ ഘട്ടങ്ങളിൽ 24 മണിക്കൂറും ഒരു സഞ്ചരിക്കുന്ന ആശുപത്രിയായി സേവനം ചെയ്യുന്ന സംവിധാനമാണ് കൊളച്ചേരി PTH നുള്ളത്.
ജീവിത ശൈലിയിൽ വന്ന മാറ്റവും കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്നും അണു കുടുംബത്തിലേക്കുള്ള അതിവേഗ വളർച്ചയും രക്തബന്ധങ്ങളിൽ പോലും അകൽച്ചയും അപകർശതാബോധവും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന
ഈ പുതിയ കാലത്ത് ഏറ്റവും പ്രയാസപ്പെടുന്നതും ഒറ്റപ്പെട്ടുപോകുന്നതും പ്രായം ചെന്നവരും, നിത്യരോഗികളുമാണ്.
അത്തരക്കാരെ സാന്ത്വന പരിചരണത്തിലൂടെ കുടുംബക്കാർക്കൊപ്പം ചേർത്ത്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിൽ പൂക്കോയ തങ്ങൾ ഹോസ്പിസ് പ്രവർത്തിച്ചു വരുന്നത്.
ഇതിൻ്റെ ദൈനംദിന ചെലവിലേക്കുള്ള ഫണ്ട് സമാഹരണത്തോടു മുഴുവനാളുകളും സഹകരിക്കണമെന്ന് കൊളച്ചേരി മേഖലാ പി.ടി.എച്ച് ഭാരവാഹികൾ അഭ്യർത്ഥിച്ചു