കണ്ണൂർ :- പരിഷ്കരിച്ച രീതിയിൽ മോട്ടർ വാഹന ഡ്രൈവിങ് ടെസ്റ്റ് നടക്കാതായതോടെ ജില്ലയിൽ ഇതിനകം ടെസ്റ്റ് മുടങ്ങിയത് 1000 പേരുടേത്. ഡ്രൈവിങ് ടെസ്റ്റ് ജയിച്ച് ഡ്രൈവിങ് ജോലി ഉൾപ്പെടെ കാത്തിരിക്കുന്നവരാണിവർ. ടെസ്റ്റ് മുടങ്ങിയതോടെ കടുത്ത പ്രയാസത്തിലാണ് ഇവർ. ഡ്രൈവിങ് ടെസ്റ്റിനുള്ള സ്ലോട്ട് കിട്ടി ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ ടെസ്റ്റിനു വേണ്ടി മാത്രമായി എത്തിയവരും ഇക്കൂട്ടത്തിലുണ്ട്. ഇനി എന്ന് തങ്ങളുടെ ടെസ്റ്റ് നടക്കുമെന്ന് ഇവർക്ക് അറിയിപ്പും നൽകുന്നില്ല. ടെസ്റ്റ് എന്ന് പുനരാരംഭിക്കാൻ കഴിയുമെന്ന് മോട്ടർ വാഹന വകുപ്പിനും വ്യക്തതയില്ല. 6 മാസമാണ് ലേണേഴ്സ് ടെസ്റ്റ് സർട്ടിഫിക്കറ്റിന്റെ = കാലാവധി. ലേണേഴ്സ് ലഭിച്ച് ഒരു മാസത്തിന് ശേഷം ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാം.
1450 രൂപയാണ് ലേണേഴ്സിന് ഫീസ്. 6 മാസ സമയപരിധി കഴിഞ്ഞാൽ വീണ്ടും 300 രൂപ അടച്ച് ലേണേഴ്സ് പുതുക്കണം. 3 മാസം മുൻപാണ് പലർക്കും ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ട് ലഭിക്കുന്നത്. സംവിധാനങ്ങളൊന്നും ഒരുക്കാതെ പരിഷ്കരിച്ച രീതിയിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത് അപ്രായോഗികമാണെന്നാണു ഡ്രൈവിങ് സ്കൂൾ അധികൃതരുടെ നിലപാട്. സമരം ശക്തമാക്കാനാണ് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ തീരുമാനം.