ഏപ്രിൽ മാസത്തിൽ രാജ്യത്ത് വാഹനവില്പനയിൽ 27 ശതമാനം വർധന


മുംബൈ :- ഏപ്രിൽ മാസത്തിൽ രാജ്യത്ത് വാഹനവില്പനയിൽ 27 ശതമാനം വർധന. ഏപ്രിലിൽ 22 ലക്ഷം വാഹനങ്ങളാണ് നിരത്തിലെത്തിയതെന്ന് ഡീലർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (ഫാഡ) വ്യക്തമാക്കി. കാലവർഷം അനുകൂലമാകുമെന്ന റിപ്പോർട്ടുകളും ഉത്സവങ്ങളും വിവാഹങ്ങളും വില്പന വർധനയ്ക്കു പിന്നിലുണ്ടെന്ന് ഫാഡ പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ പറഞ്ഞു. 2023 ഏപ്രിലിൽ 17.4 ലക്ഷം വാഹനങ്ങളായിരുന്നു രാജ്യത്തു വിറ്റുപോയത്.

ഫാഡയുടെ കണക്കുപ്രകാരം ഏപ്രിലിൽ ഇരുചക്രവാഹന വില്പനയിൽ 33 ശതമാനം വർധനയുണ്ടായി. മുൻവർഷത്തെ 12.3 ലക്ഷത്തിൽനിന്ന് 16.4 ലക്ഷമായാണിത് കൂടിയത്. കാർവില്പന 2023 ഏപ്രിലിലെ 2.89 ലക്ഷത്തിൽനിന്ന് 3.35 ലക്ഷമായി കൂടി. 16 ശതമാനം വർധന. പുതിയ മോഡലുകൾ തുടർച്ചയായി വിപണിയിലെത്തുന്നത് വില്പന ഉയരാൻ കാരണമായിട്ടുണ്ടെന്ന് ഫാഡ പറയുന്നു. വാണിജ്യവാഹന വില്പന മുൻവർഷത്തെ 88,663 എണ്ണത്തിൽനിന്ന് 90,707 ആയി. രണ്ടു ശതമാനം വളർച്ച. മുച്ചക്ര വാഹന വിൽപ്പനയിൽ ഒമ്പതു ശതമാനവും ട്രാക്ടർ വില്പനയിൽ ഒരു ശതമാനവുമാണ് വർധന.

Previous Post Next Post