തിരുവനന്തപുരം :- തിങ്കളാഴ്ച ഒരു കിലോ ഇറച്ചിക്കോഴിക്ക് 168 രൂപയായി. ഇറച്ചി മാത്രമായിട്ടാണെങ്കിൽ 256 രൂപയിലെത്തി. ദക്ഷിണേന്ത്യയിലെ ഫാം ഉടമകളും വില്പനക്കാരും ഉൾപ്പെടുന്ന സംഘടനകളുടെ കൂട്ടായ്മയായ ബ്രോയ്‌ലർ കോ -ഓർഡിനേഷൻ കമ്മിറ്റി (ബി. സി.സി.) നിശ്ചയിച്ചതാണിത്. ചിലയിടങ്ങളിൽ വിലയിൽ നേരിയ വ്യത്യാസമുണ്ട്. കഴിഞ്ഞ ഒരു മാസത്തിനകം സംസ്ഥാനത്ത് കോഴിവിലയിൽ 35 രൂപയുടെ വർധനയാണുണ്ടായത്.
2023 ഡിസംബറിൽ ഇറച്ചിക്കോഴിക്ക് 100 രൂപയിൽ താഴെയായിരുന്നു വില. ആ സ്ഥാനത്താണ് മാസങ്ങൾ കൊണ്ട് 60-70 ശതമാനം വില ഉയർന്നിരിക്കുന്നത്. അതികഠിനമായ വേനൽമൂലം ഉത്പാദനം കുറഞ്ഞതാണ് വില കൂടാൻ പ്രധാന കാരണം. ചൂട് കടുത്തതോടെ കർഷകർ കോഴി വളർത്തൽ താത്കാലികമായി നിർത്തി. കേരളം, ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങ ളിൽ ലഭ്യത കുറഞ്ഞു.
വേനലിനു മുൻപ് പരമാവധി 22 രൂപ വിലയുണ്ടായിരുന്ന ഇറച്ചിക്കോഴിക്കുഞ്ഞിന് ഇപ്പോൾ ഏതാണ്ട് 58 രൂപയാണ് വില. ഈ 3 വിലയ്ക്ക് വാങ്ങുന്ന കോഴിക്കുഞ്ഞ് പൂർണ വളർച്ചയെത്തി വില്പനയ്ക്ക് എത്തുമ്പോഴേക്കും ഏകദേശം 114 രൂപ ചെലവ് വരുമെന്ന് ഫാമുടമകൾ പറയുന്നു. ചൂട് കാരണം കോഴികൾ കൂട്ടത്തോടെ ചത്തു പോകുന്നതിനാലാണ് കർഷകർ ഈ മാസം വളർത്തലിൽനിന്നു വിട്ടുനിൽക്കുന്നത്. 1,000 കോഴി കുഞ്ഞുങ്ങളിൽ 40 ശതമാനത്തോളം ചൂട് കാരണം ചത്തുപോകും
പോത്ത്, ആട് എന്നിവയുടെ ഇറച്ചികൾക്കും സംസ്ഥാനത്ത് വിലയേറുകയാണ്. എല്ലോടു കൂടിയ പോത്തിറച്ചിക്ക് 300 രൂപ, എല്ലില്ലാതെ 360 രൂപ എന്നിങ്ങനെയാണ് വില. ചില്ലറവില ചിലയിടങ്ങളിൽ 400 രൂപയിലേറെ യാണ്. അടുത്ത ആഴ്ചയോടെ കിലോഗ്രാമിന് 20 രൂപ വർധിപ്പിക്കുമെന്ന് വ്യാപാരികൾ പറയുന്നു. ആട്ടിറച്ചിയ്ക്ക് 800 രൂപ വരെയാണ് വില. ചില്ലറവിലയാണെങ്കിൽ, ചിലയിടങ്ങളിൽ 900-1,000 രൂപ വരെയാണ്.