തിരുവനന്തപുരം :- പ്ലസ്‌വൺ പ്രവേശനത്തിന് ബുധനാഴ്ച വൈകീട്ടു വരെ ലഭിച്ചത് 4,32,133 അപേക്ഷകൾ. ഞായറാഴ്ച വരെ അപേക്ഷ സ്വീകരിക്കും. ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം ഇത്തവണ കൂടുതലാണ്. ചൊവ്വാഴ്ച വൈകീട്ടു വരെ 36,911 കുട്ടികളാണ് ഇങ്ങനെ അപേക്ഷിച്ചത്. ഇഷ്ടവിഷയം ഉറപ്പാക്കുന്നതിനാണ് കൂടുതൽ പേരും ജില്ലവിട്ട് അപേക്ഷിക്കുന്നത്.
അപേക്ഷ നൽകുന്നതിൻ്റെ ആദ്യഘട്ടമായ കാൻഡിഡേറ്റ് ലോഗിൻ തയ്യാറാക്കിയത് 4,45,311 പേരാണ്. ഇവർ വ്യക്തിഗത വിവരങ്ങളും ബോണസ് പോയിൻ്റിന് അർഹമായ വിശദാംശങ്ങളും ഓപ്ഷനുകളും ചേർത്താലേ അപേക്ഷ നൽകൽ പൂർത്തിയാകൂ. കഴിഞ്ഞ അധ്യയനവർഷം പ്ലസ്‌വണിന് 4,70,299 അപേക്ഷകളാണ് ലഭിച്ചത്. ഇത്തവണയും അതിനോടടുത്താണു പ്രതീക്ഷിക്കുന്നത്. ഹയർസെക്കൻഡറി പഠനം ആഗ്രഹിക്കുന്നവരിൽ 90 ശതമാനത്തിലധികം ഇതിനോടകം അപേക്ഷിച്ചിട്ടുണ്ട്. ഇത്തവണ എസ്.എസ്.എൽ.സി ജയിച്ചവർ 4,25,656 പേരാണ്. ഇവരിൽ 4,03,665 പേരും അപേക്ഷിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ യിൽ നിന്നുള്ള അപേക്ഷകർ -20,701. ഐ.സി.എസ്.ഇ -2,194, മറ്റുള്ളവർ -5,573.