കണ്ണൂർ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ വേനൽമഴയുടെ കുറവ് 90 ശതമാനത്തിന് മുകളിൽ


കണ്ണൂർ :- ഉഷ്ണതരംഗത്തിന്റെ വക്കിലുള്ള കോഴിക്കോട്ട് അടക്കം 4 വടക്കൻ ജില്ലകളിൽ വേനൽമഴയുടെ കുറവ് 90 ശതമാനത്തിനു മുകളിൽ. മേയ് പത്തോടെ മഴ പെയ്യുമെന്നാണ് ഇപ്പോഴത്തെ നിഗമനമെങ്കിലും അതു ശക്തമായ ചാറ്റൽമഴയായി കുറയാനുള്ള സാധ്യതയും കാലാവസ്ഥാ വിദഗ്ധർ കാണുന്നു. ചാറ്റൽമഴയിൽ ഒതുങ്ങിയാൽ ഈർപ്പം വർധിച്ച് ഉഷ്ണം കൂടുതൽ കഠിനമായേക്കും.

പാലക്കാട് ജില്ലയിൽ ചൂടിനു നേരിയ കുറവ് ഇന്ത്യൻ കാലാവസ്‌ഥാ കേന്ദ്രം (ഐഎംഡി) പറയുന്നുണ്ടെങ്കിലും അനുഭവപ്പെടുന്ന ഉഷ്ണത്തിന്റെ കാഠിന്യം കുറഞ്ഞിട്ടില്ല. അടുത്ത സീസണിലെ കാർഷികവിളവിനെയും ഇതു ഗുരുതരമായി ബാധിച്ചേക്കും. ഉഷ്ണതരംഗത്തിന്റെ സാധ്യതയുള്ള കോഴിക്കോട് 96%, കണ്ണൂർ 91%, കാസർകോട് 94%, മലപ്പുറം 98% എന്നിങ്ങനെയാണു വേനൽമഴയുടെ കുറവ്. പാലക്കാട്ടെ കുറവ് 86 ശതമാനമാണ്. കോട്ടയത്താണു വേനൽമഴ ഇതുവരെ കൂടുതൽ പെയ്‌തത്. സാധാരണ രീതിയിൽ വടക്കു വേനൽമഴ കുറയാറുണ്ടെങ്കിലും ഉഷ്ണം ഇത്രയും കഠിനമാകാറില്ല. കാലവർഷത്തെ മഴക്കുറവാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക പ്രധാന കാരണമായി കാലാവസ്‌ഥാ വിദഗ്‌ധർ കാണുന്നത്. തണുപ്പുകാലം പേരിനു മാത്രവുമായി.

അറബിക്കടലിലെ തിളയ്ക്കുന്ന ചൂട് മത്സ്യലഭ്യതയെയും രൂക്ഷമായി ബാധിച്ചു. തടാകങ്ങൾ, നദികൾ, തണ്ണീർത്തടങ്ങൾ, ചതുപ്പുപ്രദേശങ്ങൾ എന്നിവയും തെക്കിനെ അപേക്ഷിച്ചു വടക്കു കുറവാണ്. ആഗോളതലത്തിൽ ചൂട് ഉയർന്ന സാഹചര്യത്തിൽ ഭൂമധ്യരേഖയ്ക്ക് അടുത്തുള്ള പ്രദേശമെന്നതും വടക്കൻ ജില്ലകളിൽ ചൂടു വർധിക്കാൻ കാരണമായി. സംസ്‌ഥാനത്ത് ആദ്യം ഉഷ്ണതരംഗം സ്‌ഥിരീകരിച്ച പാലക്കാട് മൂന്നാഴ്ചയായി കഠിനമായ ഉഷ്‌ണമാണ്.

Previous Post Next Post