കണ്ണൂർ :- പരിഷ്‌കരിച്ച രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് ജില്ലയിൽ ആറാം ദിവസവും മുടങ്ങി. ടെസ്‌റ്റിന് എത്തേണ്ടെന്ന ഡ്രൈവിങ് സ്കൂൾ ഉടമകളുടെ നിർദേശത്തെത്തുടർന്ന് ജില്ലയിലെ ഡ്രൈവിങ് ടെസ്‌റ്റ് കേന്ദ്രങ്ങളായ തോട്ടട, തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി, പയ്യന്നൂർ എന്നിവിടങ്ങളിൽ ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിച്ചവർ ആരും ഇന്നലെ എത്തിയില്ല. രാവിലെ ഏഴോടെ എത്തിയഡ്രൈവിങ് സ്‌കൂൾ ഉടമകളും മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്‌ഥരും തിരിച്ചുപോയി.
സംവിധാനങ്ങളൊന്നും ഒരുക്കാതെ പരിഷികരിച്ച രീതിയിൽ ഡ്രൈവിങ് ടെസ്‌റ്റ് നടത്തുന്നത് അപ്രായോഗികമാണെന്നാണ് ഡ്രൈവിങ് സ്കൂൾ അധികൃതരുടെ നിലപാട്.പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്‌റ്റിനെതിരെ കഴിഞ്ഞ ദിവസം തോട്ടട ടെസ്‌റ്റിങ് കേന്ദ്രത്തിൽ ഓൾ കേരള മോട്ടർ ഡ്രൈവിങ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്സ‌് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ നിലത്ത് കിടന്ന് പ്രതിഷേധിച്ചിരുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ആർടി ഓഫിസ്, ജോയിന്റ് ആർടി ഓഫിസ് എന്നിവിടങ്ങളിലേക്ക് മാർച്ച് നടത്താനുള്ള ഒരുക്കത്തിലാണ് ഡ്രൈവിങ് സ്‌കൂൾ ഉടമകൾ.