കൊച്ചി∙ കൊച്ചിയിലും കണ്ണൂരിലും നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള നാലും കണ്ണൂരിൽ നിന്നുള്ള മൂന്നും തിരുവനന്തപുരത്ത് നിന്നുള്ള നാലും സർവീസുകളാണ് റദ്ദാക്കിയത്. കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി. ഷാർജ, മസ്കറ്റ്, ദമാം വിമാനങ്ങളും കണ്ണൂരിൽ നിന്നുള്ള അബുദാബി, ഷാർജ, മസ്കറ്റ് വിമാനങ്ങളുമാണ് റദ്ദാക്കിയത്. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് സൂചന.
വിമാനങ്ങൾ റദ്ദാക്കിയ വിവരം യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നില്ല. പലരും യാത്ര പുറപ്പെടാനായി വിമാനത്താവളത്തിൽ എത്തിയ ശേഷം മാത്രമാണ് വിവരം അറിഞ്ഞത്. ഇത് വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. വിമാനങ്ങൾ റദ്ദാക്കിയതിന്റെ കാരണം വിമാനത്താവള അധികൃതരെയും അറിയിച്ചിട്ടില്ല.