കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി കെ.എസ് & എ.സിയുടെ നേതൃത്വത്തിൽ പവിത്രൻ കണ്ണാടിപ്പറമ്പ് അനുസ്മരണം നടത്തി. വി.വി ശ്രീനിവാസൻ അധ്യക്ഷനായി. ഗ്രാമീണ നാടകവേദിക്കായി സമർപ്പിച്ച ജീവിതമായിരുന്നു അടുത്ത കാലത്ത് വിട പറഞ്ഞ പവിത്രൻ കണ്ണാടിപ്പറമ്പിൻ്റേതെന്ന് അനുസ്മരണ വേദിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
അഭിനേതാവ് എന്ന നിലയിൽ ആയഞ്ചേരി വല്യശ്മാനിലെ പവിത്രൻ മാഷിൻ്റെ കഥാപാത്രത്തെ ഓർമ്മിച്ചു കൊണ്ട് ബാലകൃഷ്ണൻ പാപ്പിനിശ്ശേരി അനുസ്മരണം തുടങ്ങി വെച്ചു. പൊതുപ്രവർത്തകനും നാടക നടനുമായ ഒ.നാരായണൻ പറഞ്ഞത് പവിത്രൻ മാഷെന്ന നാടകക്കാരൻ രൂപപ്പെട്ട ചരിത്ര പശ്ചാത്തലമായിരുന്നു. കണ്ണാടിപ്പറമ്പിലെ ഊട്ടുത്സവവുമായി ബന്ധപ്പെട്ട് നടന്ന സാംസ്കാരിക ഇടപെടലിൻ്റെ ചിത്രങ്ങൾ. മാതൃഭൂമിയിൽ നിന്നും വിരമിച്ച പ്രശസ്ത പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ കെ.ബാലകൃഷ്ണൻ പങ്കുവെച്ചത് ഇത്രയും പ്രതിഭാശാലികളായ മനുഷ്യർ ഒടുവിൽ ഒന്നുമല്ലാതായി മാറുന്നതിൻ്റെ വൈരുധ്യത്തെയാണ്.
സംവിധായൻ പി.കെ.വി കൊളച്ചേരി, പൊതുപ്രവർത്തകനും നാടകരചയിതാവുമായ ശ്രീധരൻ സംഘമിത്ര, കെ എസ് & എസി ആദ്യകാലസാരഥി വിജയൻ നണിയൂർ, മാഷിൻ്റെ ശിഷ്യൻ നാടകപ്രവർത്തകൻ പ്രമോദ് അഴീക്കോടൻ, കെ.എസ് & എ.സി മുൻ പ്രസിഡൻ്റും അഭിനേതാവുമായ ടി.കൃഷ്ണൻ, നാടക നടൻ അശോകൻ പെരുമാച്ചേരി, കവി രമേശൻ നണിയൂർ തുടങ്ങിയവർ സംസാരിച്ചു. വിജേഷ് നണിയൂർ സ്വാഗതം പറഞ്ഞു.