ഊട്ടി :- കനത്ത മഴയില്‍ റെയില്‍വേ പാളത്തില്‍ മണ്ണിടിഞ്ഞു വീണതിനാല്‍ ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കിയെന്ന് അധികൃതര്‍. മേട്ടുപ്പാളയം-ഉദഗമണ്ഡലം (06136) ട്രെയിനാണ് റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കുമെന്നും റെയില്‍വെ അറിയിച്ചു. കല്ലാര്‍-ഹില്‍ഗ്രോവ് റെയില്‍വേ സ്റ്റേഷന് സമീപത്തെ പാളത്തിലാണ് മണ്ണിടിഞ്ഞു വീണത്.
ശക്തമായ മഴയാണ് നീലഗിരി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടരുന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഊട്ടിലേക്കുള്ള യാത്രകള്‍ വിനോദസഞ്ചാരികള്‍ ഒഴിവാക്കണമെന്ന് കലക്ടര്‍ എം അരുണ ഇന്നലെ പറഞ്ഞിരുന്നു. 20-ാം തീയതി വരെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ടാണ് ജില്ലയില്‍ പ്രവചിച്ചിട്ടുള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്നും കലക്ടര്‍ അറിയിച്ചിരുന്നു.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തിയതായി കലക്ടര്‍ അറിയിച്ചു. നാളെ മുതല്‍ 23 വരെയാണ് ഏഴ് മണിക്ക് ശേഷം യാത്ര നിരോധിച്ചിരിക്കുന്നത്. ഗവി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര മേഖലയിലേക്കും യാത്ര നിരോധനമുണ്ട്. ക്വാറികളുടെ പ്രവര്‍ത്തനവും നിരോധിച്ചു. എല്ലാ താലൂക്കുകളിലും ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. റാന്നി, കോന്നി മേഖലയില്‍ ദുരന്തസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ ആളുകളെ ഒഴിപ്പിക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.