മയ്യിൽ:-തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയത്തിന്റെ വിപുലീകരിച്ച ലൈബ്രറി നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനം ചെയ്‌തു. രണ്ടുനിലകളിലായി നവീന സൗകര്യങ്ങളാടെയാണ് നാൽപതിനായിരം പുസ്‌തകം സജ്ജീകരിക്കാവുന്ന ലൈബ്രറി. കടലാസ് രഹിതമാണ് തെരച്ചിലും പുസ്‌തകവിതരണവും. അന്തരിച്ച സാമൂഹ്യപ്രവർത്തകൻ എൻ ഉണ്ണികൃഷ്‌ണന്റെ സ്‌മരണക്കായി ലൈബ്രറി ഏർപ്പെടുത്തിയ പതിനായിരം രൂപയുും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌കാരം ബക്കളത്തെ സി വി നാരായണൻ സ്‌പീക്കറിൽ നിന്ന് ഏറ്റുവാങ്ങി. കാഴ്‌ചപരിമിതിയെ തോൽപ്പിച്ച് അന്ധർക്കായി നടത്തിയ സാമൂഹ്യപ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനസെക്രട്ടറി എം കെ മനോഹരൻ മുഖ്യാതിഥിയായി. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയൻ അധ്യക്ഷനായി. ഏറണാകുളം മഹാരാജാസ് വിദ്യാർഥി ശ്രീബിൻ കെ കടുർ രചിച്ച ‘നാട്ടുമീനുകൾ’ പഠനഗ്രന്ഥം സ്‌പീക്കർ പ്രകാശിപ്പിച്ചു. റബ്‌കോ വൈസ് ചെയർമാൻ കെ സി ഹരികൃഷ്‌ണൻ ഏറ്റുവാങ്ങി. എം ഭരതൻ, കെ സി ശ്രീനിവാസൻ, എം ഷൈജു എന്നിവർ സംസാരിച്ചു.
ലൈബ്രറി വനിതാവേദിയും ഭാവനകലാസമിതി ഡാൻസ് സ്‌കൂളും സഫ്‌ദർ പാട്ടുപുരയും ചേർന്ന് ഒരുക്കിയ ആട്ടം കലാസന്ധയും ശിവദാസൻ മട്ടന്നുർ നയിച്ച ഹാസ്യപരിപാടിയും അരങ്ങേറി.