കൊട്ടിയൂരിൽ ഇളനീർ വെപ്പ് നടത്തി ; ഇന്ന് ഇളനീരാട്ടം


കൊട്ടിയൂർ :- കൊട്ടിയൂരപ്പന്റെ തിരുനടയിൽ ഇന്നലെ രാത്രി ഇളനീർവയ്‌പ് നടത്തി. ഇന്ന് ഇളനീരാട്ടം. ഇന്നലെ പൊന്നിൻ ശീവേലി, ആരാധനാസദ്യ, ആരാധനാപൂജ പഞ്ചഗവ്യ അഭിഷേകം എന്നിവയ്ക്കു ശേഷമായിരുന്നു ഇളനീർവയ്‌പ്. മലബാറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നു വ്രതമെടുത്ത് എത്തിയ തണ്ടയാൻമാർ തിരുവഞ്ചറിയിലെ കിഴക്കേ നടയിൽ ഓടിയെത്തി ഇളനീർക്കാവുകൾ സമർപ്പിച്ചു. വീരഭ ദ്രവേഷം ധരിച്ച അഞ്ഞൂറ്റാൻ, തിരുവഞ്ചിറയുടെ കിഴക്കേ നടയിൽ ഒറ്റക്കാലിൽ നിന്ന് ഭക്തരെ അനുഗ്രഹിച്ചു. വ്രതശുദ്ധിയോടെ കഞ്ഞിപ്പുര കളിൽ താമസിച്ചുവന്ന വ്രതക്കാർ ഇന്നലെ സന്ധ്യവരെ കൊട്ടിയൂരിലേക്ക് ഇളനീരുകൾ എഴുന്നള്ളി ച്ച് എത്തിക്കൊണ്ടിരുന്നു. മന്ദംചേരിയിലെ കിഴക്കേ നടയിൽ ബാവലിപ്പുഴയിൽ ഇറങ്ങി മുക്കിച്ചെന നടത്തിയ ശേഷം ഇളനീർവയിനു മുഹൂർത്തം കാത്തിരുന്നു. ഇള നീർവയ്പിനുള്ള രാശി വിളിച്ചപ്പോൾ ബാവലിപ്പുഴയിൽ മുങ്ങി ഈറനോടെ അക്കരെ സന്നിധിയിൽ പ്രവേശിച്ചു. തട്ടും പോളയും വച്ച സ്‌ഥാനത്ത് മൂന്നു വലം വച്ച് കാവ് സമർപ്പിച്ചു. തുടർന്ന് ഭണ്ഡാരം പെരുക്കിയ ശേഷം വീരഭദ്രനെ വണങ്ങി മടങ്ങി. 

ഇന്നലെ രാത്രി സമർപ്പിച്ച ഇളനീരുകൾ ഇന്നു രാവിലെ മുതൽ കാര്യത്ത് കൈക്കോളനും സംഘവും ചേർന്ന് മുഖം ചെത്തിയെടുത്ത് മണിത്തറയിൽ കൂട്ടും. രാത്രിയാണ് ഇളനീരാട്ടം. മണിത്തറയിൽ കൂട്ടിയിട്ട ഇളനീരുകൾ ബ്രാഹ്‌മണർ ശ്രീകോവിലിനുള്ളിലേക്കു മാറ്റിയ ശേഷം ദൈവംവരവിനായി കാത്തിരിക്കും കൊട്ടേരിക്കാവ് മുത്തപ്പൻ്റെ എഴുന്നള്ളത്താണ് ദൈവംവരവ് എന്നറിയപ്പെടുന്നത്. ദൈവം വരവിനൊപ്പം കോവിലകം കയ്യാല തീണ്ടുകയെന്ന ചടങ്ങും നടത്തും. കിരാതമൂർത്തി വേഷത്തിൽ പുറങ്കലയൻ എത്തുന്ന സമയത്ത് പാലക്കീഴിൽ നിന്നു ദൈവത്തിനൊപ്പം ഒറ്റപ്പിലാനും സംഘവുമെത്തി കോവിലകം കയ്യാല തീണ്ടും. മണിത്തറയ്ക്കു മുന്നിൽ മുത്തപ്പന് അരിയും കളഭവും സമർപ്പിക്കുമ്പോൾ ഇളനീരാട്ടത്തിന് അനുമതി വാങ്ങും. തുടർന്ന് പാലോന്നം നമ്പൂതിരി രാശി വിളിച്ചു കഴിഞ്ഞാൽ ഉഷകാമ്പ്രം സ്ഥാനികൻ ഇളനീരഭിഷേകം ആരംഭിക്കും

Previous Post Next Post