ജില്ലാ ആശുപത്രി പരിസരത്ത് രോഗി മരിച്ച സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ


കണ്ണൂർ :- ജില്ലാ ആശുപത്രിയിൽ നിന്നും പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത ശേഷം കാണാതായ അതിഥിത്തൊഴിലാളിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ ആശുപത്രി സൂപ്രണ്ടും അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.

കാലിന് പരിക്കേറ്റ നിലയിൽ അക്രമാസക്തനായി നഗരത്തിൽ കണ്ടെത്തിയ ആളെ ആമ്പുലൻസിൽ കയറ്റി പരിയാരത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആമ്പുലൻസിൽ കയറിയില്ലെന്ന് പോലീസ് വിശദീകരിച്ചു. പോലീസിന്റെയും ആശുപത്രി അധികൃതരുടെയും ഭാഗത്ത് വീഴ്ചയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഹിന്ദി സംസാരിക്കുന്ന ഇയാളെ ആരോ അടിച്ചു പരിക്കേൽപ്പിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്. ഇയാളുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. മികച്ച ചികിത്സ നൽകിയിരുന്നെങ്കിൽ ഇയാൾ മരിക്കുകയില്ലായിരുന്നുവെന്ന് ആമ്പുലൻസ് ഡ്രൈവർമാർ പറഞ്ഞു. ആമ്പുലൻസിൽ കയറാൻ കൂട്ടാക്കാത്തതോടെ പോലീസ് ഇയാളെ ഉപേക്ഷിക്കുകയായിരുന്നു. ജൂണിൽ കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. 



                                        

Previous Post Next Post