ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്ന് മുതല്‍ ഇ-പാസ്


ഊട്ടി :- ഊട്ടി, കൊടൈക്കനാല്‍ യാത്ര പോകുന്നവര്‍ക്ക് ഇന്ന് മുതല്‍ ഇ-പാസ് നിര്‍ബന്ധം. epass.tnega.org എന്ന വെബ്സൈറ്റ് വഴി ഇ-പാസിന് രജിസ്റ്റര്‍ ചെയ്യാം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും ഇ-പാസ് വേണം. ഊട്ടിയിലേക്ക് പോകുന്ന മലയോര പാതകളില്‍ വാഹനങ്ങൾ ഉണ്ടാക്കുന്ന ഗതാഗത കുരുക്ക് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയാണ് ഇ-പാസ് നിര്‍ബന്ധമാക്കിയത്.

11,500 കാറുകളും 6,500 ഇരുചക്ര വാഹനങ്ങളും ഉള്‍പ്പെടെ പ്രതിദിനം 20,000-ലധികം വാഹനങ്ങള്‍ ഇവിടങ്ങളിലേക്ക് എത്തുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇ-പാസ് വിതരണത്തിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സ്ഥാപിക്കാന്‍ കോടതി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. മെയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലേക്കാണ് ഇ-പാസ് നിര്‍ബന്ധമാക്കിയത്. വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ടൂറിസ്റ്റ് വാഹനങ്ങളിലെയും വാണിജ്യ വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് ക്യു ആര്‍ കോഡ് അവരുടെ മൊബൈല്‍ ഫോണില്‍ ലഭിക്കും.

പ്രവേശന കവാടത്തില്‍ വെച്ച് ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത ശേഷം കടത്തി വിടും. അപേക്ഷിക്കുന്നവര്‍ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും നല്‍കണം. എത്ര ദിവസം താമസിക്കുന്നും ഏത് വാഹനമാണ് ഉപയോഗിക്കുന്നത് എന്നും എഴുതണം. ഒരു വാഹനത്തിന് ഒരു ഇ-പാസ് മതിയാകും. വാഹനത്തില്‍ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ഇ-പാസ് വേണ്ട. ഒരു തവണ ഇ-പാസിന് രജിസ്റ്റര്‍ ചെയ്ത് യാത്ര പൂര്‍ത്തിയാക്കിയ വാഹനത്തിന് വീണ്ടും ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിൽ സന്ദർശനം നടത്താൻ വീണ്ടും ഇ-പാസ് എടുക്കണം. സര്‍ക്കാര്‍ ബസുകളില്‍ക്കയറി പോകുന്നവര്‍ക്ക് ഇ-പാസിന്റെ ആവശ്യമില്ല.

Previous Post Next Post