കണ്ണൂർ :- ജില്ലയിൽ മോഷണക്കേസുകൾ കൂടിവരുന്നു. ഒന്നര വർഷത്തിനിടെ 393 കവർച്ചാ കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് പോലീസ് കുറ്റാന്വേഷണ വിഭാഗത്തന്റെ കണക്കുകൾ. കവർച്ച ശ്രമങ്ങൾ വേറെയുമുണ്ട്. ആസൂത്രിതമായി സംഘടിച്ച് നടത്തിയ 13 കവർച്ചകൾ ഒരുവർഷത്തിനിടെ ഉണ്ടായി. പരിശീലനം ലഭിച്ച അന്തസ്സംസ്ഥാന കവർച്ചാ സംഘം വരെ ഇതിൽ പങ്കാളികളായി. 2023 മുതൽ 197 ഭവനഭേദനങ്ങൾ നടന്നതായാണ് കണക്ക്. വീട് കുത്തിത്തുറന്ന് 187 കവർച്ചകളോ കവർച്ച ശ്രമങ്ങളോ നടന്നിട്ടുണ്ട്.
മഴക്കാലമാവുന്നതോടെ മറുനാട്ടിൽ നിന്നുള്ള തിരുട്ട് സംഘങ്ങളും ജില്ലയിൽ എത്തിയതായ പോലീസ് സംശയിക്കുന്നു. മോഷണക്കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും രാത്രികാല പോലീസ് പട്രോളിങ് നടത്തുന്ന വാഹനങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. രാത്രിയിൽ ഓരോ പ്രദേശത്തും മൂന്ന് തവണയെങ്കിലും പട്രോളിങ് നടത്തും. ആരാധനാലയങ്ങളിൽ പ്രത്യേകം നിരീക്ഷണം ഏർപ്പെടുത്തുമെന്നും കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അറിയിച്ചു.