ബെംഗളൂരു :- ചന്ദ്രനിൽനിന്ന് സാംപിളുകൾ ഭൂമിയിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ചന്ദ്രയാൻ-4 വിക്ഷേപണം നടക്കുന്നത് രണ്ടുഘട്ടങ്ങളിലായി. പേടകഭാഗങ്ങൾ ബഹിരാകാശത്തുവെച്ച് യോജിപ്പിച്ചശേഷം ചന്ദ്രനിലേക്ക് അയക്കുമെന്നും ഇതിനുള്ള ഡോക്കിങ് സാങ്കേതികവിദ്യ വികസിപ്പിച്ചു വരുകയാണെന്നും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു. ഈവർഷം അവസാനം സ്പെഡെക്സ് (സ്പെയ്‌സ് ഡോക്കിങ് എക്സ്‌പെരിമെന്റ്റ്) എന്നപേരിൽ പരീക്ഷണദൗത്യം നടത്തും.
ഐ.എസ് ആർ.ഒ.യുടെ നിലവിലുള്ള ഏറ്റവും കരുത്തേറിയ റോക്കറ്റിന് വഹിക്കാനാവുന്നതിനേക്കാൾ ഭാരം ചന്ദ്രയാൻ -4-ന് വരുന്നതിനാലാണ് രണ്ടുതവണയായി വിക്ഷേപിക്കുന്നത്. ബഹിരാകാശത്തുവെച്ച് ഒന്നാകുന്ന പേടകഭാഗങ്ങൾ ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കും. ചന്ദ്രയാൻ-4 ദൗത്യത്തിൻ്റെ വിശദമായ പഠനം, അവലോകനം, ചെലവ് എന്നിവ തയ്യാറാക്കിയിട്ടുണ്ടെന്നും ഉടൻ സർക്കാരിൻ്റെ അംഗീകാരത്തിനായി അയക്കുമെന്നും സോമനാഥ് പറഞ്ഞു.
അന്താരാഷ്ട്ര ബഹിരാകാശനിലയവും സമാനമായ എല്ലാ സൗകര്യങ്ങളും ബഹിരാകാശത്ത് വിവിധഭാഗങ്ങൾ കൂട്ടിച്ചേർത്താണ് നിർമിച്ചിട്ടുള്ളത്. എന്നാൽ, ചന്ദ്രനിലേക്കുള്ള യാത്രയ്ക്കായി ഭൂമിയുടെ ഭ്രമണപഥത്തിൽവെച്ച് പേടകഭാഗങ്ങൾ സംയോജിക്കപ്പെടുന്നത് ആദ്യമായിട്ടാകും. സാംപിളുകൾ ശേഖരിച്ച് ചന്ദ്രനിൽ നിന്നുള്ള മടക്കയാത്രയിലും ബഹിരാകാശപേടകത്തിൻ്റെ ഭാഗങ്ങൾ സംയോജിപ്പിക്കേണ്ടതുണ്ട്. ബഹിരാകാശപേടകത്തിൻ്റെ ഒരുഭാഗം പ്രധാന പേടകത്തിൽനിന്ന് വേർപെട്ട് ചന്ദ്രനിൽ ലാൻഡുചെയ്യുമ്പോൾ മറ്റൊരു ഭാഗം ഭ്രമണപഥത്തിൽ തുടരും. ലാൻഡുചെയ്യുന്ന ഭാഗം സാംപിളുകൾ ശേഖരിച്ച് ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ഉയർന്ന് ഭ്രമണം ചെയ്യുന്ന പേടകഭാഗവുമായി ബന്ധിപ്പിക്കുകയും വീണ്ടും ഒരു യൂണിറ്റായി മാറുകയും ചെയ്യും.