മയ്യിൽ :- കുവൈത്തിലുണ്ടായ തീപ്പിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയിൽ കഴിയുന്ന കുറ്റ്യാട്ടൂർ സ്വദേശി റിയാസിന്റെ നടുക്കം മാറിയിട്ടില്ല. മലയാളികളായ തൊഴിലാളികൾക്ക് വിവിധ സാധനങ്ങളെത്തിച്ചു നൽകുന്ന ജോലി ചെയ്തു വരികയായിരുന്നു പള്ളിമുക്കിലെ റിയാസ്. കെട്ടിടത്തിന്റെ ഒന്നാംനിലയിലുള്ളപ്പോഴാണ് തീപ്പിടിത്തമുണ്ടായത് അറിയുന്നത്. തുടർന്ന് കുറച്ചുപേർക്ക് വിവരം നൽകി കെട്ടിടത്തിൽ നിന്ന് എടുത്തുചാടി.
തീപ്പിടിത്തമുണ്ടായ കെട്ടിത്തിന് സമീപത്തായാണ് വർഷങ്ങളായി റിയാസ് താമസിക്കുന്നത്. പിന്നീട് അന്വേഷണത്തിന്റെ ഭാഗമായി റിയാസിൻ്റെ ഫോൺ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇതോടെ വീട്ടുകാർക്കും റിയാസിനെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ആശങ്കയിൽ കഴിയുന്നതിനിടയിലാണ് രക്ഷപ്പെട്ട വിവിരം റിയാസ് ബന്ധുക്കളെ അറിയിച്ചത്. കെട്ടിത്തിൽ നിന്ന് ചാടിയ റിയാസിനെ സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുമാണ് ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ സൃഹൃത്തുക്കൾ മരിച്ചത് പിന്നീടാണ് അറിഞ്ഞത്. റിയാസിന് കാര്യമായ പരിക്കില്ല.