കൊട്ടിയൂർ :- കുറുമാത്തൂർ നായ്ക്കന്റെ ആലിംഗന പുഷ്പാഞ്ജലി ഇല്ലാതെ കൊട്ടിയൂരപ്പന് രോഹിണി നാൾ ആരാധനാ പൂജ നടത്തി. ആലിംഗന പു ഷ്പാഞ്ജലി നടത്താൻ അവകാശമുള്ള കുറുമാത്തൂർ ഇല്ലത്തെ നായ്ക്കൻ സ്‌ഥാനികൻ ശാരീരി കമായുള്ള അവശതകളെ തുടർന്നാണ് ചടങ്ങിന് എത്താതിരുന്നത്. വൈശാഖ ഉത്സവത്തിലെ നാല് ആരാധനകളിൽ അവസാനത്തേത് ആണ് രോഹിണി ആരാധന. എല്ലാ ആരാധനാ പൂജകളിൽ ഉള്ളതുപോലെ ഇന്നലെയും പൊന്നിൻ ശീവേലി, ആരാധന സദ്യ, പാലമൃത് അഭിഷേകം എന്നിവ നടത്തി. കളഭാഭിഷേകവും നടത്തി. പാലമൃത് അഭിഷേകത്തിനുള്ള പഞ്ചഗവ്യം കൊട്ടിയൂരിൽ തന്നെയാണ് തയാറാക്കിയത്. കോട്ടയം കോവിലകത്ത് നിന്ന് നൽകുന്ന പൂജാവസ്‌തുക്കളാണ് ഇന്നലെ ആരാധനയ്ക്ക് ഉപയോഗിച്ചത്.
വൈശാഖോത്സവത്തിലെ ആദ്യ ചതുശ്ശതം വലിയ വട്ടളം പായസം നാളെ നിവേദിക്കും. തൃക്കൂർ അരിയളവും നാളെ നടത്തും. ഉച്ചയ്ക്ക് പന്തീരടി പൂജയ്ക്ക് ഒപ്പമാണ് വലിയ വട്ടളത്തിൽ പായസം മണിത്തറയിൽ നിവേദിക്കുക. കരിമ്പനയ്ക്കൽ ചാത്തോത്ത് ഊരാളന്റെ തറവാട്ടു വകയാണ് ആദ്യ ചതുശ്ശതം പായസ നിവേദ്യം. പന്തീരടി പൂജയ്ക്ക് ശേഷം ശ്രീകോവിലിൽ വച്ചാണ് കോട്ടയം സ്വരൂപത്തിലെ അമ്മരാജയ്ക്കുള്ള തൃക്കൂർ അരിയളവ് നടത്തുക. രാത്രിയിലാണ് പാരമ്പര്യ ഊരാളൻമാരുടെയും മറ്റ് തറവാടുകളിലെയും സ്ത്രീകൾക്കുള്ള അരിയളവ്.