ദില്ലി :- കേന്ദ്ര ടൂറിസം, പെട്രോളിയം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു. കേരളത്തിൽ ഇതുവരെ ഉപയോഗിക്കപ്പെടാത്ത സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. നേരത്തെ പ്രവർത്തിച്ചവരെയും മന്ത്രിമാരെയും താഴ്ത്തി കെട്ടികാണുന്നില്ല. എല്ലാവരും ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ ശ്രമിച്ചിരുന്നു. അതിനെ തടസപ്പെടുത്തിയത് എന്താണോ അതാണ് ഇല്ലാതാക്കി അടുത്ത പടിയിലേക്ക് ഉയർത്താനാണ് ശ്രമിക്കുകയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
ട്വിസ്റ്റുകൾക്കൊടുവിലാണ് സൂപ്പർതാരം സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുന്നത്. പലതരം അനിശ്ചിതത്വത്തിന് ഒടുവിൽ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് ദില്ലിക്ക് പുറപ്പെട്ടത്. തൃശൂർ 'എടുത്തത്' മുതൽ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം. എന്നാല്‍ ഇന്നലെ രാത്രി മുതൽ പലതരം അഭ്യൂഹങ്ങളും സംശയങ്ങളുമുയർന്നിരുന്നു. പിന്നാലെ മന്ത്രിയാകാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ച് തിരുവന്തപുരത്തേക്ക് പോയ സുരേഷ് ഗോപിയെ മോദി തിരിച്ചു വിളിക്കുകയായിരുന്നു. ഒടുവിൽ ദില്ലിയിൽ നിന്നും നേരിട്ട് മോദിയുടെ കോളെത്തിയതോടെയാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞയ്ക്കായി ദില്ലിയിലേക്ക് തിരിച്ചത്. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം.