തിരുവനന്തപുരം :- പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് നാളെ. ഇന്നു രാത്രിയോടെ തന്നെ പ്രസിദ്ധീകരിക്കാനും സാധ്യതയുണ്ട്. അലോട്മെന്റ് ലഭിച്ചവർക്ക് അടുത്ത ദിവസം മുതൽ പ്രവേശനം നേടാനാകും. വൊക്കേഷനൽ ഹയർ സെക്കൻഡറിയുടെ ആദ്യ അലോട്മെന്റും നാളെ മുതൽ പ്രവേശനം നേടാനാകുന്ന തരത്തിൽ പ്രസിദ്ധീകരിക്കും. പ്ലസ് വൺ സ്പോർട്സ് ക്വോട്ടയിൽ അപേക്ഷിച്ചവരുടെ ആദ്യ അലോട്മെന്റും നാളെയാണ്.
മെറിറ്റ് സീറ്റിൽ ട്രയൽ അലോട്മെന്റ് ലഭിച്ച 2,44,618 പേരെയാകും ആദ്യ അലോട്‌മെന്റിലും മുഖ്യമായി പരിഗണിക്കുക. ട്രയൽ അലോട്‌മെൻ്റിനു ശേഷം അപേക്ഷയിൽ വരുത്തിയ തിരുത്തലുകളുടെ അടിസസ്ഥാനത്തിൽ അർഹരായവരുണ്ടെങ്കിൽ അവരെയും പരിഗണിക്കും. സംവരണം കൃത്യമായി പാലിച്ചും ആവശ്യത്തിന് അപേക്ഷകരില്ലാത്ത സംവരണ സീറ്റുകൾ ഒഴിച്ചിട്ടുമാണ് ആദ്യ അലോട്മെൻ്റ് വരുന്നത്. മൂന്നാം അലോട്മെന്റിലാകും ഒഴിഞ്ഞുകിടക്കുന്ന : സംവരണ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്കു മാറ്റുക.
സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ് സ്‌കൂളുകളിലെ മാനേജ്മെന്റ്, കമ്യൂണിറ്റി സീറ്റുകളും അൺ എയ്‌ഡഡ് സ്കൂളുകളിലെ സീറ്റുകളും ഉൾപ്പെടെ 4,33,231 പ്ലസ് വൺ സീറ്റുകളാണുള്ളത്. താൽക്കാലിക ബാച്ചുകളും മാർജിനൽ സീറ്റുകളും ഉൾപ്പെടെയാണിത്.