തിരുവനന്തപുരം :- ജൂലായ് മുതൽ മൂന്നുമാസത്തേക്കുകൂടി യൂണിറ്റിന് ഒൻപതുപൈസ സർച്ചാർജ് ചുമത്താൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ 10 പൈസവരെ സർച്ചാർജ് ചുമത്താൻ ബോർഡിനെ അനുവദിച്ചിരുന്നു. ഇതും തുടരുമെന്നതിനാൽ മൂന്നു മാസം കൂടി 19 പൈസ സർച്ചാർജ് നിലനിൽക്കും.
കമ്മിഷൻ തീരുമാനിച്ച ഒൻപതു പൈസ സർച്ചാർജിൻ്റെ കാലാവധി ജൂൺ 30വരെയായിരുന്നു. എന്നാൽ, 2023 ജൂൺ മുതൽ സെപ്റ്റംബർ വരെ അധികം ചെലവായ 60.68 കോടി ഈടാക്കാൻ 14 പൈസ ചുമത്തണമെന്നാവശ്യപ്പെട്ട് ബോർഡ് അപേക്ഷ നൽകി. ഇതിൽ 55.24 കോടിയാണ് അധികച്ചെലവായി കമ്മിഷൻ അംഗീകരിച്ചത്. ഇത് ഈടാക്കാനാണ് ഒൻപതുപൈസ ചുമത്താൻ അനുവദിച്ചത്. നിലവിലുള്ള വൈദ്യുതിനിരക്കിന്റെ പ്രാബല്യം 30-ന് അവസാനിക്കുകയാണ്. പിന്നീട് പുനഃപരിശോധിക്കാമെന്ന വ്യവസ്ഥയിൽ ഇടക്കാല ഉത്തരവാണ് അന്ന് കമ്മിഷൻ നൽകിയത്. എന്നാൽ, നിരക്ക് പുനഃപരിശോധിക്കാൻ ബോർഡ് പുതിയ അപേക്ഷ നൽകിയിട്ടില്ല. പുതിയനിരക്ക് തീരുമാനിക്കുന്നതുവരെ നിലവിലുള്ളത് തുടരാനും കമ്മിഷൻ തീരുമാനിച്ചു.