പ്ലാറ്റ്ഫോമുകളുടെ നീളക്കുറവ്; തീവണ്ടി കോച്ചുകൾ കൂട്ടുന്നതിന് തടസ്സമാകുന്നു


കണ്ണൂർ :- പ്ലാറ്റ്ഫോമുകളുടെ നീളക്കുറവ് തീവണ്ടികളിലെ കോച്ചുകൾ കൂട്ടുന്നതിന് തടസ്സമാകുന്നു. നേത്രാവതി, മംഗള എക്‌സ്‌പ്രസുകൾ ഉൾപ്പെടെ എൽ.എച്ച്.ബി (ലിങ്ക് ഹോഫ്‌മാൻ ബുഷ്) കോച്ചുള്ള വണ്ടികൾക്കാണ് ഇത് തിരിച്ചടിയാകുന്നത്. നിലവിൽ കേരളത്തിലെ പ്ലാറ്റ്ഫോം നിർമിച്ചിരിക്കുന്നത് 24 ഐ.സി.എഫ് കോച്ചുകൾ ഉൾക്കൊള്ളുന്ന രീതിയിലാണ്. ഒരു ഐ.സി.എഫ് കോച്ചിന് 22.3 മീറ്റർ നീളമുണ്ട്. എൻജിനടക്കം 25 കോച്ച് ഒരു പ്ലാറ്റ്ഫോമിൽ നിർത്താൻ ചുരുങ്ങിയത് 560 മീറ്റർ നീളം വേണം. ഭൂരിഭാഗം വണ്ടികളും എൽ.എച്ച്.ബി കോച്ചുകളിലേക്ക് മാറ്റുകയാണ്. ഒരു എൽ.എച്ച്.ബി ട്രെയിനിൽ നിലവിൽ 21-22 കോച്ചാണുണ്ടാകുക. 24 കോച്ചുകൾ വരെ ഘടിപ്പിക്കാം. ഒരു എൽ.എച്ച്.ബി കോച്ചിന് 24 മീറ്ററാണ് നീളം. 24 എൽ.എച്ച്.ബി കോച്ചുള്ള വണ്ടി സ്റ്റേഷനിൽ നിർത്താൻ പ്ലാറ്റ്ഫോമിൽ 600 മീറ്ററിൽ കൂടുതൽ നീളം വേണം. എന്നാൽ ഭൂരിഭാഗം സ്റ്റേഷനുകളിലെയും പ്ലാറ്റ്ഫോമിന് ഇത്രയും നീളമില്ല.

 വലിയ സ്റ്റേഷനുകളിൽ തന്നെ ചില പ്ലാറ്റ്ഫോമുകളിൽ മാത്രമാണ് 24 കോച്ചുകൾ ഉൾക്കൊള്ളൂ. ജനറൽ കോച്ചുകൾ കുറച്ച ദീർഘദൂര വണ്ടികളിൽ ഭൂരിഭാഗവും എൽ.എച്ച്.ബി കോച്ചുകളിലാണ് ഓടുന്നത്. വടക്കൻ കേരളത്തിൽ ഏറ്റവുമധികം തിരക്കനുഭവപ്പെടുന്നതും ജനറൽ കോച്ചുകൾ കുറവായതുമായ തിരുവനന്തപുരം-മുംബൈ നേത്രാവതി (16346), എറണാകു ളം-നിസാമുദ്ദീൻ മംഗള (12617) വണ്ടികളിൽ 24 കോച്ചും ഘടിപ്പിക്കാനാകുന്നില്ല. അങ്ങനെ ഘടിപ്പിച്ചാൽ രണ്ടു കോച്ചുകൾ പ്ലാറ്റ്ഫോമിന് വെളിയിൽ നിൽക്കും. എന്നാൽ പരശുറാം ഉൾപ്പെടെ പരമ്പരാഗത (ഐ.സി. എഫ്.) കോച്ചുകൾ ഉള്ള വണ്ടികളിൽ 24 കോച്ചുവരെ ഘടിപ്പിക്കാം. റെയിൽവേ അത് ചെയ്യുന്നുമില്ല. നിലവിൽ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ഐ.സി.എഫ് കോച്ചുകൾ നിർമിക്കാത്തതും തിരിച്ചടിയായി.

Previous Post Next Post