സ്കൂളിലെ ശുചിമുറികൾ പരിശോധിക്കണം - മനുഷ്യാവകാശ കമ്മീഷൻ


കണ്ണൂർ : ബർണശേരിയിലെ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ വൃത്തിയുള്ള ശുചിമുറികളും കുടിവെളള സൗകര്യവുമുണ്ടെന്ന് പരിശോധന നടത്തി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. സ്കൂൾ ഹെഡ്മിസ്ട്രസിന്റെ റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കിയാണ് ഡി.ഇ.ഒ കമ്മീഷൻ മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. റിപ്പോർട്ട് അവിശ്വസിക്കേണ്ടതില്ലെങ്കിലും വിദ്യാഭ്യാസ വകുപ്പ് സ്കൂൾ പരിശോധിച്ച് നിജസ്ഥിതി ഉറപ്പുവരുത്തേണ്ടതായിരുന്നുവെന്നും ഉത്തരവിൽ പറയുന്നു

സ്കൂളിൽ ആവശ്യത്തിലേറെ ശുചിമുറികളുണ്ടെന്നും എല്ലാ ദിവസവും രണ്ടു നേരം വൃത്തിയാക്കാറുണ്ടന്നും ഡി.ഇ.ഒ കമ്മീഷനെ അറിയിച്ചു. ശുചിമുറിയിലെ ചുമരുകളിൽ സ്വഭാവ വൈകല്യമുള്ള ചില കുട്ടികൾ പലതും എഴുതിയിടാറുണ്ടെന്നും ഇത് ശ്രദ്ധയിൽപ്പെടുന്ന സമയത്ത് തന്നെ മായ്ക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് അസംബ്ലിയിൽ കർശന നിർദ്ദേശം നൽകാറുണ്ട്. സ്കൂളുകളിലെ ശുചിമുറികൾക്ക് വൃത്തിയില്ലെന്നും വൻതുക ഡൊണേഷൻ വാങ്ങിയാണ് സ്കൂൾ പ്രവേശനം നടത്തുന്നതെന്നും ആരോപിച്ച് കൊറ്റാളി സ്വദേശി ആശാ വിശ്വൻ സമർപ്പിച്ച പരാതിയിലാണ് നടപടി. 




                                           


Previous Post Next Post