സംസ്ഥാനത്ത് വ്യാപിച്ചത് 11 പകർച്ചവ്യാധികൾ; 10 ദിവസം കൊണ്ട് ചികിത്സതേടിയത് 1.45 ലക്ഷം രോഗികൾ






കണ്ണൂർ :- സംസ്ഥാനത്ത് വ്യാപിച്ചത് 11 പകർച്ചവ്യാധികൾ. ഈമാസം ആദ്യത്തെ 10 ദിവസത്തിൽ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സതേടിയത് 1.45 ലക്ഷം രോഗികൾ. ഇതിലുമേറെപ്പേർ സ്വകാര്യചികിത്സയും സ്വീകരിക്കുന്നു. ദിവസം 17,000-ത്തിലധികമാണ് ഇപ്പോൾ സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം. വായുവിലൂടെ, വെള്ളത്തിലൂടെ, കൊതുകുവഴി, ചെള്ളിലൂടെ എന്നിങ്ങനെ പകരുന്ന രോഗങ്ങളാണ് വ്യാപിച്ചിട്ടുള്ളത്.

ഇൻഫ്ലുവൻസ എ വിഭാഗം വൈറസുണ്ടാക്കുന്ന സാധാരണ വൈറൽപ്പനി കേസുകളാണ് ഭൂരിഭാഗവും. മലപ്പുറം, തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് രോഗികൾ കൂടുതൽ. ഇതിനൊപ്പം ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം എന്നിവ കൂടുതൽ ഭീഷണിയാവുന്നു. തിരുവനന്തപുരത്ത് കോളറയും. പ്രമേഹം, അമിതരക്തസമ്മർദം, കരൾരോഗം തുടങ്ങിയവയുള്ളവർ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ പകർച്ചവ്യാധികളെ കൂടുതൽ സൂക്ഷിക്കണം.
Previous Post Next Post