കണ്ണൂർ :- തലശ്ശേരിയിൽ ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിക്ക് തുണയായി ബസ് ജീവനക്കാർ. തലശേരി - പാനൂർ - വിളക്കോട്ടൂർ റൂട്ടിൽ സർവീസ് നടത്തുന്ന ആയില്യം ബസ്സിൽ യാത്ര ചെയ്യവേയാണ് യുവതിക്ക് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടത്. ഉടൻ ജീവനക്കാർ ബസ് ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ച് യുവതിക്ക് ചികിത്സ ലഭ്യമാക്കി. തലശേരിയിൽ നിന്നും ബസ് പുറപ്പെട്ട് കീഴ് വന്തി മുക്കിലെത്തിയപ്പോഴാണ് സംഭവം.
കണ്ടക്ടർ ടിക്കറ്റ് ചോദിക്കാനെത്തിയപ്പോൾ ബസിനു മുർവശത്തെ പെട്ടി സീറ്റിലിരുന്ന യുവതി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് ബസ് ഓടിച്ചു കയറ്റി. ജീവനക്കാർ തന്നെ യാത്രക്കാരിയെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പാലക്കൂൽ സ്വദേശിനിയായ യുവതിക്കൊപ്പം 2 മക്കൾ കൂടി ഉണ്ടായിരുന്നു. യുവതിയുടെ സഹോദരനെ വിളിച്ച് വരുത്തിയാണ് ബസ് യാത്ര തുടർന്നത്. ഡ്രൈവർ നിജിൽ മനോഹർ, കണ്ടക്ടർ ടി.എം ഷിനോജ്, ക്ലീനർ യദു കൃഷ്ണ എന്നിവരുടെ സമയോചിത പ്രവൃത്തിയെ യാത്രക്കാരും, മറ്റുള്ളവരും അഭിനന്ദിച്ചു.