കണ്ണൂർ :- പെൻഷൻ തടഞ്ഞതിലുള്ള മനോവിഷമം കാരണം അദ്ധ്യാപകൻ ആത്മഹത്യ ചെയ്തെന്ന പരാതിയിൽ കൈയ്യക്ഷര വിദഗ്ദന്റെ പരിശോധനാ ഫലം ലഭിച്ചാൽ അനന്തര നടപടികൾ സ്വീകരിക്കുമെന്ന് പയ്യന്നൂർ എസ്.എച്ച്.ഒ മനുഷ്യാവകാശ കമ്മീഷനെ അറയിച്ചു. രാമന്തള്ളി കല്ലേറ്റുകടവ് സ്വദേശി ശ്രീനിവാസൻ 2022 ഒക്ടോബർ 22 ന് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യ കെ. പി. ശ്യാമള സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. പരാതിയിൽ പയ്യന്നൂർ പോലീസ് 554/21 നമ്പറായി കേസെടുത്തിരുന്നു. 2021 ഏപ്രിലിൽ സർവീസിൽ നിന്നു വിരമിച്ച ശ്രീനിവാസന് പെൻഷൻ ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കാത്തതിൽ മാനസിക വിഷമം ഉണ്ടായിരുന്നതായി ബന്ധുക്കൾ
മൊഴി നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച് സ്കൂൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചതിൽ പെൻഷൻ ആനുകൂല്യങ്ങൾ വൈകിയതിൽ മനപൂർവമായ കാലതാമസമുണ്ടായിട്ടില്ലെന്ന് പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. തുടർന്ന് തളിപറമ്പ എസ്.ഡി.എം. കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചുകേസിൽ കൈയ്യക്ഷര വിദഗ്ദന്റെ പരിശോധനാഫലം ലഭിച്ച ശേഷം ഡയറിക്കുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മരിച്ചയാൾ എഴുതിയതാണെങ്കിൽ അതിന് അനുസരിച്ച് നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയെങ്കിൽ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞ് മരിച്ചയാൾക്ക് മാനസിക സമ്മർദ്ദമുണ്ടാക്കിയെന്ന് വീട്ടുകാർ സംശയിക്കുന്ന മൂന്നുപേരുടെ പേരിൽ പുനരന്വേഷണം നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മരിച്ചയാളുടെ ഡയറി പരിശോധിക്കുന്ന കാര്യത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നുപരാതിക്കാരി അറിയിച്ചു.