മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഹജ്ജ് കർമത്തിന് യാത്രതിരിച്ച തീർഥാടകർ ബുധനാഴ്ച മുതൽ തിരിച്ചെത്തും. ഉച്ചയ്ക്ക് 12-നാണ് സൗദി എയർ ലൈൻസിന്റെ ആദ്യ വിമാനം കണ്ണൂരിലെത്തുക. 19 വരെ ഒൻപത് സർവീസുകളാണ് ഹാജിമാരെ തിരിച്ചെത്തിക്കുന്നതിനായി മദീനയിൽ നിന്ന് സൗദി എയർ ലൈൻസ് നടത്തുക. ബുധനാഴ്ച രാത്രി 9.50-ന് രണ്ടാമത്തെ വിമാനം എത്തും.കണ്ണൂരിൽനിന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ 3218 തീർഥാടകരാണ് ഒൻപത് വിമാനങ്ങളിലായി പുണ്യകർമങ്ങൾക്കായി പോയത്. ഇവരിൽ മൂന്നുപേർ മക്കയിൽ മരിച്ചു. ചെറുകുന്ന് പി.വി ഹൗസിൽ ഖൈറുന്നിസ, നാറാത്തെ കല്ലൂരിയകത്ത് ഖദീജ, മൗവ്വഞ്ചേരി പള്ളിപ്പൊയിൽ റുക്സാനാസിൽ ഇബ്രാഹിം മമ്മു എന്നിവരാണ് മരിച്ചത്.
കണ്ണൂരിൽ നിന്ന് ഹജ്ജിന് പോയവരിൽ 1899 പേർ സ്ത്രീകളാണ്. ഹാജിമാരെ സ്വീകരിക്കുന്നതിനായി കണ്ണൂർ വിമാനത്താവളത്തിൽ ഒരുക്കം പൂർത്തിയായി. ഇവർക്ക് നൽകാനുള്ള സംസം പുണ്യജലം വിമാനത്താവളത്തിൽ നേരത്തെ എത്തിച്ചിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്പെഷ്യൽ ഓഫീസർ യു.അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ സൗദി എയർലൈൻസ്, ആരോഗ്യം, കസ്റ്റംസ്, എമിഗ്രേഷൻ, കിയാൽ പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം ചേർന്നു