ന്യൂഡൽഹി :- രാജ്യത്ത് ബിരുദധാരികളായ തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണം അക്ഷരാഭ്യാ സമില്ലാത്തവരുടേതിനെക്കാൾ ഒൻപതിരട്ടി വർധിച്ചെന്ന് ഇന്റർ നാഷണൽ ലേബർ ഓർഗനൈ സേഷൻ്റെ റിപ്പോർട്ട്. പത്താം ക്ലാസും പ്ലസ്ടുവും പൂർത്തിയാക്കിയ തൊഴിൽരഹിതർ അക്ഷരാഭ്യാസമില്ലാത്തവരെ അപേക്ഷിച്ച് ആറിരട്ടി കൂടി. 2022-ൽ രാജ്യത്തെ മൊത്തം തൊഴിൽരഹിതരിൽ 82.9 ശതമാനം പേരും യുവാക്കളാണ്. യുവാക്കളിൽ വിദ്യാസമ്പന്നരായ തൊഴിൽരഹിതരുടെ എണ്ണം 2000- ത്തിൽ 54.2 ശതമാനമായിരുന്നത് 2022-ൽ 65.7 ശതമാനമായി. 11.5 ശതമാനത്തിന്റെ വർധന.
വിദ്യാസമ്പന്നരായ ചെറുപ്പക്കാരിൽ സ്ത്രീകളാണ് കൂടുതൽ. 76.7 ശതമാനം. പുരുഷന്മാർ 62.2 ശതമാനമാണ്. അക്ഷരാഭ്യാസമില്ലാത്തവരായ തൊഴിൽരഹിതർ 3.4 ശതമാനമാണെങ്കിൽ ബിരുദധാരികളായ തൊഴിൽരഹിതർ 29.1 ശതമാനം വരും. പത്താംക്ലാസും ഹയർസെക്കൻഡറിയും കഴിഞ്ഞവർ 18.4 ശതമാനമാണ്. ബിരുദധാരികളിലും വനിതകളാണ് അധികം. 34.5 ശതമാനം. പുരുഷന്മാർ 26.4 ശതമാനം.
2022-ലെ കണക്കനുസരിച്ച് സ്ഥിരം തൊഴിലാളികൾക്ക് ഇന്ത്യയിൽ മാസത്തിൽ ശരാശരി 19,010 രൂപ ലഭിക്കുമ്പോൾ സ്വയംതൊഴിൽ ചെയ്ത് ജീവിക്കുന്നവർക്ക് കിട്ടുന്നത് ശരാശരി 11,973 രൂപ. ചെറുപ്പക്കാരിലെ തൊഴിൽ പങ്കാളിത്തം 2000-ത്തിൽ 54 ശതമാനമായിരുന്നത് 2022-ൽ 42 ശതമാനത്തിലേക്ക് താഴ്ന്നു.