കണ്ണൂർ:-കാർ സർവ്വീസ് സെൻ്ററിൽ നിന്നുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടതിന് കണ്ണൂർ നടാൽ ദേശീയ പാതയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫോക്സ് വാഗൺ സെയിൽസ് സർവ്വീസ് സെൻ്ററായ ഫീനിക്സ് കാർസ് ഇന്ത്യാ ലിമിറ്റഡ് എന്ന സ്ഥാപനത്തിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി.
സ്ഥാപനത്തിന് പുറത്ത് ദേശീയപാതയ്ക്ക് സമീപം മാലിന്യങ്ങൾ കൂട്ടിയിട്ട നിലയിലായിരുന്നു. സർവീസ് സെൻററിൽ നിന്നുള്ള അജൈവമാലിന്യങ്ങൾ ഹരിതകർമസേനയ്ക്ക് കൈമാറുന്നില്ലെന്നും സ്ക്വാഡ് കണ്ടെത്തി. ജൈവ അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ സെൻ്ററിൽ ഏർപ്പെടുത്തിയിരുന്നില്ല. കേരള പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് 5000 രൂപ പിഴ ചുമത്തുന്നതിനും പരിസരം നിശ്ചിത സമയത്തിനകം വൃത്തിയാക്കാൻ നിർദ്ദേശിക്കുന്നതിനും ചെമ്പിലോട് ഗ്രാമപഞ്ചായത്തിന് ജില്ല എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നിർദ്ദേശം നൽകി.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ.അജയകുമാർ, ഷരീകുൽ അൻസാർ, ചെമ്പിലോട് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പ്രസീത എന്നിവർ പങ്കെടുത്തു.