കണ്ണൂർ :- ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത ദമ്പതിമാർക്കെതിരെ പോലീസ് കേസെടുത്തു. ദുബായ് ആസ്ഥാനമായ ജി.സി.സി വാട്ടർമാൻ ടൈൽസ് ട്രേഡിങ് ഡയറക്ടർമാരും തളാപ്പ് സ്വദേശികളുമായ പടിഞ്ഞാറിൽ അഖി ലേഷ്, ഭാര്യ രജന അഖിലേഷ് എന്നിവർക്കെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. വാട്ടർമാൻ ടൈൽസ് ട്രേഡിങ് കമ്പനിയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് കണ്ണൂരിൽ പ്രവർത്തിക്കുന്ന വാട്ടർമാൻ ടൈൽസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപന ഉടമ മുരളിദാസ് കുന്നിൻപുറത്തിൻ്റെ 3.78 കോടി രൂപയാണ് തട്ടിയെടുത്തത്.
വിവിധ ഘട്ടങ്ങളിലായിട്ടാണ് യു.എസ് ഡോളറിൽ പണം നൽകിയത്. വിദേശത്ത് പ്രവർത്തിക്കുന്ന തങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ലാഭവിഹിതം പങ്കുവെക്കാമെന്ന് പറയുകയും എന്നാൽ ബിസിനസ് തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും നൽകിയ പണമോ ലാഭവിഹിതമോ നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്.