പാപ്പിനിശ്ശേരി :- പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിൽ യാത്രക്കാരെ ഭീതിയിലാക്കി വലിയ കുഴികൾ. കൂടെ പാലം നിറയെ ഒട്ടേറെ ചെറുകുഴികളുമുണ്ട്. കനത്ത മഴ പെയ്തതോടെയാണു റോഡ് തകർന്നു കുഴികളായത്. ആഴ്ച കൾക്ക് മുൻപ് കുഴിയടച്ച സ്‌ഥലങ്ങളിലാണ് വീണ്ടും കുഴികൾ രൂപപ്പെടുന്നത്. റോഡിന്റെ തകർന്ന ഭാഗം ചതുരാകൃതിയിൽ മുറിച്ചു നീക്കം ചെയ്താണ് കഴിഞ്ഞ പ്രാവശ്യം കുഴിയടച്ചത്. കനത്ത മഴ പെയ്‌തതോടെ വീണ്ടും തകർന്നു ചതുരാകൃതിയിലുള്ള കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നു.
പാലത്തിൽ പതിവായി കുഴികളുണ്ടാകുന്നതിനാൽ എത്ര തവണ അറ്റകുറ്റപ്പണി നടത്തിയെന്നു പോലും അധികൃതർക്ക് പറയാനാകില്ല. സോളർ വിളക്കുകൾ പ്രകാശിക്കാതായിട്ട് വർഷങ്ങളായി. പാലം ഇരുട്ടിലായതോടെ രാത്രി അപകടസാധ്യത ഏറെയാണ്.ദേശീയപാത നിർമാണം നടക്കുന്നതിനാൽ പയ്യന്നൂർ കണ്ണൂർ റൂട്ടിലെ മുഴുവൻ വാഹനങ്ങളും കെഎസ്‌ടിപി പാപ്പിനിശ്ശേരി പിലാത്തറ റോഡ് വഴിയാണ് കടന്നുവരുന്നത്. വാഹനത്തിരക്കേറിയ കെഎസ്ടിപി റോഡും തകർന്നു കുഴികളായിരിക്കുന്നു.